
മലയാളഭാഷയുടെ മാദകഭംഗി ചലച്ചിത്രഗാനങ്ങളിലൂടെ മലയാളിക്ക് പലകുറി പകര്‍ന്നുതന്ന ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് ശതാഭിഷേകം. 1940 മാര്‍ച്ച് 16 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ജനിച്ച അദ്ദേഹം പില്ക്കാലത്ത് ഗാനരചയിതാവ് എന്നതിന് പുറമെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ, ടെലിവിഷൻ സീരിയല്‍ നിർമ്മാതാവ് എന്നീ നിലകളിലും ശോഭിച്ചു. മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന എണ്ണമറ്റ ഗാനങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള അദ്ദേഹം മൂവായിരത്തിലേറെ പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിട്ടുണ്ട്.
പി സുബ്രഹ്മണ്യം നിര്‍മ്മിച്ച് സംവിധാനം ചെയ്ത് 1966 ല്‍ പുറത്തെത്തിയ കാട്ടുമല്ലിക എന്ന ചിത്രത്തില്‍ ഗാനരചയിതാവായാണ് അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. തൊട്ടു പിറ്റേവര്‍ഷം ഇറങ്ങിയ ചിത്രമേള എന്ന സിനിമയിലെ പാട്ടുകള്‍ മുന്നോട്ടുള്ള സിനിമാജീവിതത്തില്‍ വഴിത്തിരിവായി. സാധാരണക്കാര്‍ക്ക് മനസിലാവുന്ന ലളിതമായ വാക്കുകളിലൂടെ വികാരപ്രപഞ്ചങ്ങള്‍ തന്നെ ആവിഷ്കരിച്ച അദ്ദേഹം വേഗത്തില്‍ത്തന്നെ ജനപ്രിയ ഗാനരചയിതാവായി. പ്രേം നസീറിനെ നായകനാക്കി, സ്വന്തമായി നിര്‍മ്മിച്ച് 1974 ല്‍ പുറത്തെത്തിയ ചന്ദ്രകാന്തം എന്ന സിനിമയിലൂടെയാണ് സംവിധായകനായുള്ള ശ്രീകുമാരന്‍ തമ്പിയുടെ അരങ്ങേറ്റം. മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം എണ്‍പതിലേറെ സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കി. 26 സിനിമകള്‍ നിര്‍മ്മിച്ചു.
മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന പ്രതിഭയ്ക്ക് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരമടക്കം ലഭിച്ചു. ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥയ്ക്ക് കഴിഞ്ഞ കഴിഞ്ഞ തവണത്തെ വയലാര്‍ പുരസ്കാരം ലഭിച്ചു. കേരളീയ സാംസ്കാരിക പരിസരത്ത് സ്വന്തം നിലപാട് പറയാന്‍ ഒരിക്കലും മടി കാട്ടിയിട്ടില്ലാത്ത ശ്രീകുമാരന്‍ തമ്പി ചിലതൊക്കെ മറക്കാനുള്ളതല്ലേ എന്ന ചോദ്യത്തിനോട് ഒരിക്കല്‍ ഇങ്ങനെ പ്രതികരിച്ചു- മറക്കും പക്ഷേ അപ്പോള്‍ ഞാന്‍ അഗ്നിയില്‍ ലയിച്ചിരിക്കും.
Last Updated Mar 16, 2024, 12:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]