
ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കുന്നത് ഇക്കഴിഞ്ഞ വര്‍ഷമാണ്. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടേത് 142.57 കോടിയുമായിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിന് പല മാര്‍ഗങ്ങളും വിവിധ രാജ്യങ്ങള്‍ നടപ്പിലാക്കാറുണ്ട്. അത്തരത്തിലൊരു പ്രമേയവുമായാണ് ഒരു സര്‍ക്കാര്‍ ഉത്പന്നം തിയേറ്ററുകളിലെത്തിയത്. തിയേറ്ററുകളെത്തുന്നതിന് മുന്‍പേ ചിത്രം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. പേരില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പ്രദര്‍ശനാനുമതി നല്‍കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് സ്വീകരിച്ചിരുന്ന നിലപാട്.
ടി.വി രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുബീഷ് സുധിയാണ് മുഖ്യകഥാപാത്രമായെത്തുന്നത്. അച്ചാംതുരുത്തിയെന്ന നാടിനെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. സന്താനസൗഭാഗ്യമില്ലാത്ത ഒട്ടനവധി പേരെത്തുന്ന മീനൂട്ടിക്കാവിലമ്മ ക്ഷേത്രം അച്ചാംതുരുത്തിലാണുള്ളത്. നാല് മക്കളുള്ള പ്രദീപനാണ് കഥയിലെ നായകന്. കല്യാണം കഴിഞ്ഞ് ഏറെ കാലമായിട്ടും പ്രണയം തുളുമ്പുന്ന മനസ്സുമായാണ് ഭാര്യ ശ്യാമയുടെ അടുത്ത് പ്രദീപനെത്തുന്നത്. പഞ്ചായത്തില്‍ പുരുഷ വന്ധ്യകരണം നടപ്പിലാക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
മാതപിതാക്കൾക്ക് മക്കളെല്ലാവരും ഒരുപോലെയാണെങ്കിലും കൊടുക്കുന്ന ഭക്ഷണത്തില്‍ അല്ലെങ്കില്‍ കരുതലില്‍ വിവേചനമുള്ളതായി തോന്നാത്ത കുട്ടികളുണ്ടാവില്ല. പൊതുസമൂഹത്തില്‍ നീണ്ട നാളായി രണ്ട് കുട്ടികളുള്ള കുടുംബത്തെ പറ്റി ഈ തരത്തിലും ചര്‍ച്ചകളുണ്ടാവാറുണ്ട്. എന്തിനും ഒരു നല്ല വശമുള്ളത് പോലെ തന്നെ ഒരുപാട് കുട്ടികളുണ്ടെങ്കില്‍ അവരുടെ കളിചിരിയും എല്ലാകൊണ്ട് വീട് സ്വര്‍ഗതുല്യമായി തോന്നാം. അതേസമയം മൂന്ന് മക്കളെന്നത് പോലും ചിലരുടെ പരിഹാസത്തിന് കാരണമാണ്. ഇത്തരം വിഷയങ്ങളിലൂടെയെല്ലാം ടി.വി രജ്ഞിത്ത് ചിത്രമായ ഒരു സര്‍ക്കാര്‍ ഉത്പന്നം സഞ്ചരിക്കുന്നത്.
പറയേണ്ടത് പറയേണ്ട രീതിയില്‍ തന്നെ പറയുകയും അതിന് രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോ അകമ്പടിയോ അപ്പാടെ ഒഴിവാക്കാനും കഥയ്ക്ക് സാധിച്ചുവെന്നത് തീര്‍ച്ചയാണ്. ട്രെയ്ലര് സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയപ്പോഴാണ് പേര് മാറ്റണമെന്ന നിര്‍ദേശം ഉയരുന്നത്. ചിത്രം കണ്ട ശേഷം ഉള്ളടക്കത്തില്‍ പ്രശ്നമില്ലെന്നും പക്ഷേ പേര് മാറ്റണമെന്നുമെന്നാണ് ബോര്‍ഡ് പറഞ്ഞത്.
കല്യാണം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതിമാര്‍ വഴിപാടും പൂജകളെയും ആശ്രയിക്കാറുണ്ട്. വിശ്വാസങ്ങള്‍ക്കും അതേസമയം ശാസ്ത്രപരമായുള്ള വസ്തുതകളും സമം ചാലിച്ചാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വളരെ ഗൗരവമായ ഒരു വിഷയം പ്രേക്ഷകരില്‍ ആശങ്കയേതുമില്ലാത്ത തരത്തില്‍ പറഞ്ഞുപോകുന്നു. സിനിമയില്‍ ഏറെ കാലമായുള്ള സുബീഷ് സുധിയാണ് നായക കഥാപാത്രമായ പ്രദീപനെ അവതരിപ്പിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയിലെ ഉഷ എന്ന ശക്തമായ കഥാപാത്രത്തിന് ശേഷമുള്ള ശക്തമായ കഥാപാത്രമാണ് ഷെല്ലി അവതരിപ്പിച്ച ശ്യാമ.
പ്രണയം, സൗഹൃദം, കുടുംബബന്ധങ്ങള്‍ എന്നിവയിലൂടെ യാത്ര ചെയ്യുന്ന ചിത്രം ഒരുപിടി മികച്ച നടീനടന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. അജു വര്‍ഗീസ്, ലാല്‍ ജോസ്, ജാഫര്‍ ഇടുക്കി, ജോയ്മാത്യു, വിനീത് വാസുദേവന്‍, ?ഗൗരി ജി കിഷന്, വിജയ് ബാബു, ദര്‍ശന എസ് നായര്‍, ഹരീഷ് കണാരന്, ഗോകുലന്, റിയാ സൈറ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശാവര്‍ക്കര്‍മാരുടെ ദൈനംദിന ജീവിതരീതികളും അവരുടെ പ്രവര്‍ത്തനങ്ങളും പ്രമേയമാകുന്ന ആദ്യ ചിത്രം കൂടിയാണിത്.
പ്രധാന കഥാപാത്രമായി മലയാളികളുടെ പ്രിയ സംവിധായകന് ലാല്‍ ജോസുമുണ്ട്. ദാസേട്ടന് എന്ന കഥാപാത്രത്തെയാണ് ലാല്‍ ജോസ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈകാരിക രംഗങ്ങളില്‍ സുബീഷിന്റെയും ഷെല്ലിയുടെയും അഭിനയം എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്ന് കൂടിയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ഒരുബൈക്കില്‍ യാത്ര ചെയ്യുന്ന അച്ഛനും അമ്മയും നാല് മക്കളുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. ടി.വി കൃഷ്ണന് തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്, കെ.സി രഘുനാഥന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]