
മഞ്ഞുമ്മൽ ബോയ്സ്, താൻ സംവിധാനംചെയ്ത 96 എന്നീ ചിത്രങ്ങൾക്കെതിരെ മാധ്യമ പ്രവർത്തകനായ ചെയ്യാർ ബാലു ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ പ്രേംകുമാർ. 96ലും മഞ്ഞുമ്മൽ ബോയ്സിലും ഇളയരാജയുടെ സൂപ്പർഹിറ്റ് ഗാനങ്ങൾ ഉപയോഗിച്ചത് അദ്ദേഹത്തിന്റെ അനുമതിയില്ലാതെയാണ് എന്നായിരുന്നു ചെയ്യാർ ബാലുവിന്റെ ആരോപണം. ഈ വാദം നിഷേധിച്ചിരിക്കുകയാണ് 96 സംവിധായകൻ.
കഴിഞ്ഞദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് 96, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കെതിരെ ചെയ്യാർ ബാലു രംഗത്തെത്തിയത്. ഇതിനെതിരെ പ്രസ്താവനയുമായി പ്രേംകുമാറും എത്തിയതോടെ ആരോപണ പ്രത്യാരോപണങ്ങൾക്ക് ചൂടുപിടിച്ചു. താനും മഞ്ഞുമ്മൽ ബോയ്സ് ടീമും തങ്ങളുടെ ചിത്രങ്ങളിൽ ഇളയരാജയുടെ ഗാനം ഉപയോഗിച്ചത് അനുമതി വാങ്ങിയിട്ടാണെന്ന് പ്രേംകുമാർ പറഞ്ഞു. ഇതിനായി തിങ്ക് മ്യൂസിക് ഉൾപ്പെടെയുള്ള മ്യൂസിക് ലേബലുകളെ സമീപിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കള്ളം വിളിച്ചുപറയുന്നതിനുമുമ്പ് ചെയ്യാർ ബാലുവിന് മ്യൂസിക് ലേബലുകളെ ബന്ധപ്പെട്ട് കാര്യങ്ങൾ ഒന്ന് സൂക്ഷ്മമായി പരിശോധിക്കാമായിരുന്നു. താനും മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറ പ്രവർത്തകരും ഇളയരാജയുടെ പാട്ടുകൾ കേട്ടാണ് വളർന്നത്. തങ്ങളുടെ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന് ആദരം നൽകുകയായിരുന്നു. ചെയ്യാർ ബാലു സത്യം മാത്രമേ പറയാവൂ എന്ന് തനിക്ക് നിർബന്ധമൊന്നുമില്ല. പക്ഷേ നുണകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ അദ്ദേഹത്തിന് കഴിയും.’
സിനിമ എന്നത് ഇൻഡസ്ട്രിയുടെ ഭാഗമായവർക്ക് മാത്രമല്ലെന്നും അതേക്കുറിച്ച് എഴുതുന്നവർക്കും അവകാശപ്പെട്ടതാണെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടി. സത്യം പറയണമെങ്കിൽ പ്രസ്താവന ഇറക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞാണ് പ്രേംകുമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രേംകുമാർ സംവിധാനംചെയ്ത് വിജയ് സേതുപതിയും തൃഷയും മുഖ്യവേഷങ്ങളിലെത്തിയ 96-ൽ ദളപതി എന്ന ചിത്രത്തിലെ യമുനൈ ആറ്റിലേ എന്ന ഗാനം ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ അന്ന് ഇളയരാജ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. തുടർന്ന് നിരവധി ചർച്ചകൾക്കുശേഷമാണ് പ്രശ്നം അവസാനിച്ചത്. ഗുണയിലെ കൺമണി അൻപോട് കാതലൻ എന്ന ഗാനം ഉൾപ്പെടുത്തിയത് മഞ്ഞുമ്മൽ ബോയ്സിന് തമിഴ്നാട്ടിലും വലിയ സ്വീകാര്യത നേടിക്കൊടുക്കാൻ സഹായിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]