
തൃശൂര്‍: ഗുരുവായൂരില്‍ പണമിടപാട് സ്ഥാപനം കുത്തിത്തുറന്ന് 32,40,650 രൂപ കവര്‍ന്ന കേസില്‍ ബ്രാഞ്ച് മാനേജരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ അമല നഗര്‍ തൊഴുത്തും പറമ്പില്‍ അശേഷ് ജോയ് (34) യെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത് അശോകന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ നടയില്‍ ഗാന്ധിനഗറിലെ മാസ് സെന്റര്‍ എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് എന്ന സ്ഥാപനത്തിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ ഏഴരയോടെ പണം നഷ്ടമായത്.
എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് അരണാട്ടുകര ബ്രാഞ്ചിലെ മാനേജരാണ് അറസ്റ്റ് ചെയ്യപ്പെട്ട അശേഷ് ജോയ്. സ്ഥാപനത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി കള്ള താക്കോല്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് പണം മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു. ഇയാള്‍ വന്നു പോകുന്ന ദൃശ്യം നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. ഹെല്‍മറ്റ് ധരിച്ച കാരണം മുഖം വ്യക്തമായിരുന്നില്ല. നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു സൈബര്‍ സെല്ലിന്റെ സഹായത്തോടെയുമാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് കമ്മിഷണര്‍ സി. സുന്ദരന്റെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.പി. അഷറഫാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. കെ. ഗിരി, എ.എസ്.ഐമാരായ ജോബി ജോര്‍ജ്, സാജന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍. രഞ്ജിത്, സിവില്‍ പോലീസ് ഓഫീസര്‍ വി.എം. ഷെഫീക്ക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Last Updated Mar 13, 2024, 9:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]