
ആരാധകരുടെ പ്രവൃത്തികൾ പലപ്പോഴും അതിരുവിടുന്നത് വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. തങ്ങൾ ആരാധിക്കുന്ന താരത്തിന്റെ ചിത്രം റിലീസ് ചെയ്യുന്ന അവസരത്തിലാണ് പലപ്പോഴും അതിരുവിടുന്ന ആരാധനയുടെ തലങ്ങൾ പുറംലോകമറിയുന്നത്. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പർതാരം അല്ലു അർജുന്റെ ഒരുപറ്റം ആരാധകർ ചെയ്ത പ്രവൃത്തി പോലീസ് കേസ് വരെ എത്തിയിരിക്കുകയാണ്.
ബെംഗളൂരു സിറ്റിക്കടുത്ത കെ.ആർ പുരത്താണ് സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം നടന്നത്. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദിക്കുകയായിരുന്നു. യുവാവിന് മുഖത്തടക്കം പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വിവിധ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവാവിനോട് ജയ് അല്ലു അർജുൻ എന്നുപറയാൻ അക്രമികൾ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം.
ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്. ഇത്തരം അക്രമങ്ങൾ നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും ഇത്തരംകാര്യങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്നുമാണ് പലരും പ്രതികരിച്ചിരിക്കുന്നത്. തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ പ്രഭാസിന്റെ ആരാധകനാണ് മർദനമേറ്റതെന്നും പ്രഭാസിന്റെയും അല്ലു അർജുന്റെയും ആരാധകർ തമ്മിലുള്ള സംഘർഷമാണ് നടന്നതെന്നും പറഞ്ഞവരുണ്ട്.
അതേസമയം സുകുമാർ സംവിധാനംചെയ്ത പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അല്ലു അർജുൻ. വിശാഖപട്ടണത്താണ് ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുന്നത്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ മറ്റുവേഷങ്ങളിലെത്തുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതസംവിധാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]