
ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് യുവാവ് അതിക്രമിച്ച് കടന്നതിനാൽ സർവ്വീസ് നിർത്തി വെച്ച് ബെംഗളൂരു മെട്രോ. കെങ്ങേരി മെട്രോ സ്റ്റേഷന്റെ പരിധിയിൽ ഇന്നലെയാണ് സംഭവം. സംഭവത്തെ തുടർന്ന് രാജ രാജേശ്വരി നഗറിനും കെങ്ങേരി സ്റ്റേഷനുമിടയിൽ മെട്രോ സർവ്വീസ് തടസ്സപ്പെട്ടു. അരമണിക്കൂറിന് ശേഷമാണ് പിന്നീട് സര്‍വ്വീസ് ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങി.
സമീപത്തെ മെട്രോ ട്രാക്കിൽ യുവാവിനെ കണ്ടതോടെ അധികൃതരെത്തി പരിശോധന നടത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ ശ്രദ്ധയിൽ പെട്ടതോടെ സർവ്വീസ് 27 മിനിറ്റോളം നിർത്തിവെക്കുകയായിരുന്നു. പാളങ്ങളിലെ വൈദ്യുതി വിതരണം നിർത്തിവയ്ക്കാനും ഉദ്യോഗസ്ഥർ എൻജിനീയറിങ് സംഘത്തിനോട് നിർദേശിക്കുകയും ചെയ്തു. അതേസമയം, യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇതാദ്യമായല്ല ഇവിടെ ഇത്തരത്തിലുള്ള സംഭവം. ജനുവരിയിൽ മറ്റൊരു യുവാവ് മെട്രോ ട്രാക്കിലേക്ക് ചാടിയിറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ട്രാക്കിൽ യുവാവിനെ കണ്ടതോടെ ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറച്ചെങ്കിലും ട്രെയിൻ യുവാവിനെ തട്ടിയിരുന്നു. പിന്നീട് സുരക്ഷാ ജീവനക്കാരാണ് ഇയാളെ രക്ഷിച്ചത്. മെട്രോ ട്രാക്കുകളിൽ കയറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത് അത്യന്തം അപകടകരവുമാണെന്നും ബിഎംആർസിഎൽ പറഞ്ഞു.
Last Updated Mar 13, 2024, 1:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]