
മുംബൈ: പരിക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റും ദേശീയ ടീമിനായും കളിക്കാതെ ഐപിഎല്ലില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ പാണ്ഡ്യ ഐപിഎല്‍ 2024ന് മുന്നോടിയായി മുംബൈ ടീം ക്യാംപിനൊപ്പം ചേര്‍ന്നതിന് പിന്നാലെ പ്രവീണ്‍ കുമാറിന്റെ വിമര്‍ശനം ചര്‍ച്ചയാവുകയാണ്. ഐപിഎല്ലിന് മുമ്പ് പരിക്കേല്‍ക്കുന്ന പതിവ് പാണ്ഡ്യക്കുണ്ട് എന്ന് പ്രവീണ്‍ തുറന്നടിച്ചു.
‘ഐപിഎല്ലിന് രണ്ട് മാസം മുമ്പ് ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റു. പാണ്ഡ്യ രാജ്യത്തിനായി കളിക്കില്ല, ആഭ്യന്തര ക്രിക്കറ്റില്‍ സംസ്ഥാനത്തിനായി കളിക്കില്ല, എന്നിട്ടും നേരിട്ട് ഐപിഎല്ലില്‍ കളിക്കാനിറങ്ങും. ഇങ്ങനെയല്ല കാര്യങ്ങള്‍ ചെയ്യേണ്ടത്. പണം സ്വരൂപിക്കുന്നത് നല്ലതാണ്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ നിങ്ങള്‍ രാജ്യത്തിനായും സംസ്ഥാനത്തിനായും കളിക്കാന്‍ തയ്യാറാവണം. ഇപ്പോള്‍ ആളുകള്‍ ഐപിഎല്ലിന് മാത്രമാണ് പ്രധാന്യം നല്‍കുന്നത്’ എന്നും പ്രവീണ്‍ കുമാര്‍ വിമര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റത്. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ താരത്തിന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതിന് ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന പാണ്ഡ്യ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയില്ല. എന്നാല്‍ ഐപിഎല്‍ 2024 സീസണ് മുന്‍നിര്‍ത്തി താരം പരിശീലനം ആരംഭിക്കുകയും കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് ക്യാംപിനൊപ്പം ചേരുകയുമായിരുന്നു.
അതേസമയം മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിനെയും പ്രവീണ്‍ കുമാര്‍ വിമര്‍ശിച്ചു. ‘രോഹിത് ശര്‍മ്മയ്ക്ക് രണ്ടുമൂന്ന് സീസണുകളില്‍ കൂടി മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാവാനുള്ള ഭാവിയുണ്ടായിരുന്നു. എന്നാല്‍ അന്തിമ തീരുമാനം മാനേജ്മെന്റിന്റെ കൈകളിലായിപ്പോയി’ എന്നാണ് പ്രവീണ്‍ കുമാറിന്റെ വാക്കുകള്‍. മുമ്പ് മുംബൈയുടെ താരമായിരുന്ന പാണ്ഡ്യയെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മടക്കിക്കൊണ്ടുവന്നാണ് 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]