
ജയ്പൂര്‍: സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിന് ഐപിഎല്‍ 2024 സീസണിന് മുമ്പ് കനത്ത തിരിച്ചടി. പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് സീസണ് നഷ്ടമാകും. ‘ഫെബ്രുവരി 24ന് ശസ്ത്രക്രിയക്ക് വിധേയനായ പ്രസിദ്ധ് കൃഷ്ണ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ താരം ഉടന്‍ തുടര്‍ ചികില്‍സയും പരിശീലനവും ആരംഭിക്കും. പ്രസിദ്ധിന് ഐപിഎല്‍ 2024ല്‍ പങ്കെടുക്കാനാവില്ല’ എന്നും ബിസിസിഐ അറിയിച്ചു. ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമിക്ക് പരിക്ക് കാരണം ഐപിഎല്‍ സീസണ് നഷ്ടമാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു.
ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം സീസണാണ് പരിക്ക് കാരണം പ്രസിദ്ധ് കൃഷ്ണയ്ക്ക് നഷ്ടമാകുന്നത്. ഐപിഎല്‍ 2022ല്‍ 17 മത്സരങ്ങളില്‍ 19 വിക്കറ്റുമായി രാജസ്ഥാന് റോയല്‍സിന്റെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായകമായ താരം 2023 സീസണില്‍ ഒരു മത്സരം പോലും കളിക്കാനാവാതെ പുറത്തായി. ഇതോടെ പകരക്കാരനായി പേസര്‍ സന്ദീപ് ശര്‍മ്മയുടെ സേവനമാണ് കഴിഞ്ഞ സീസണില്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഉപയോഗിച്ചത്. രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കായി ഈ വര്‍ഷം ജനുവരി ആദ്യമാണ് പ്രസിദ്ധ് അവസാനമായി മത്സര ക്രിക്കറ്റ് കളിച്ചത്. ഐപിഎല്‍ കരിയറിലാകെ 51 കളികളില്‍ 49 വിക്കറ്റാണ് പ്രസിദ്ധ് കൃഷ്ണയുടെ സമ്പാദ്യം. 2022ലെ താരലേലത്തില്‍ അതിശയിപ്പിക്കുന്ന 10 കോടി രൂപയ്ക്കാണ് പ്രസിദ്ധ് കൃഷ്ണയെ രാജസ്ഥാന് റോയല്‍സ് പാളയത്തിലെത്തിച്ചത്.
പ്രസിദ്ധ് കൃഷ്ണ ഒരു സീസണില്‍ കൂടി കളിക്കാത്തത് രാജസ്ഥാന് റോയല്‍സിന്റെ പേസ് കരുത്ത് കുറയ്ക്കും. നവ്ദീപ് സെയ്നി, കുല്‍ദീപ് സെന്‍, സന്ദീപ് ശര്‍മ്മ, ആവേഷ് ഖാന് എന്നിവരാണ് രാജസ്ഥാന് റോയല്‍സിലുള്ള മറ്റ് ഇന്ത്യന്‍ പേസര്‍മാര്‍. ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിന് ഉറച്ച പിന്തുണ നല്കാന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പുതുമുഖം നാന്ദ്രെ ബര്‍ഗറിലാണ് റോയല്‍സിന്റെ നിലവിലെ പ്രതീക്ഷ. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് നാന്ദ്രെ ബര്‍ഗറെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയത്. അതേസമയം യുസ്വേന്ദ്ര ചഹലും ആദം സാംപയും രവിചന്ദ്രന്‍ അശ്വിനുമുള്ള സ്പിന്‍ നിര രാജസ്ഥാന് കരുത്തുറ്റതാണ്.
Last Updated Mar 12, 2024, 5:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]