
ചെന്നൈ: പുതിയ പാർട്ടിയുമായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നടൻ വിജയ് പിന്തുടരുക തമിഴ് സ്വത്വരാഷ്ട്രീയം. പാർട്ടിയുടെ പേരിൽത്തന്നെ തമിഴകം എന്ന വാക്ക് ഉൾപ്പെടുത്തിയിട്ടുള്ള വിജയ് പാർട്ടിയിൽ ചേരുന്നവർക്കുള്ള പ്രതിജ്ഞയിലും തമിഴ് വൈകാരിതയ്ക്ക് പ്രാധാന്യംനൽകി.
തമിഴ് ഭാഷയെയും സംസ്കാരത്തെയും ഉയർത്തിക്കാട്ടുന്ന ദ്രാവിഡപാർട്ടികളുടെ ശൈലിയാണ് വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും പയറ്റാനൊരുങ്ങുന്നതെന്ന് ഇതിലൂടെ വ്യക്തമായി.
ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരേയുള്ള സമരങ്ങൾ തമിഴ്നാട്ടിൽ ഡി.എം.കെ.യുടെ വളർച്ചയ്ക്ക് നിർണായകപങ്കുവഹിച്ചിരുന്നു. കേന്ദ്രസർക്കാർ നടത്തുന്ന ഹിന്ദിപ്രചാരണങ്ങളെ ഇപ്പോഴും ഡി.എം.കെ. ശക്തിയുക്തം എതിർക്കുന്നുണ്ട്.
ഇതേവഴിയിലാകും താനും സഞ്ചരിക്കുകയെന്ന സൂചനയാണ് വിജയ് നൽകുന്നത്. തമിഴ് ഭാഷയെ സംരക്ഷിക്കാൻവേണ്ടി ജീവൻ ബലിയർപ്പിച്ച ഭാഷാപോരാളികളുടെ ലക്ഷ്യം നിറവേറ്റാൻ പ്രവർത്തിക്കുമെന്നാണ് തമിഴക വെട്രി കഴകത്തിന്റെ പ്രതിജ്ഞയിൽ പറയുന്നത്.
ഭാഷാപോരാട്ടം തുടരുമെന്ന പ്രഖ്യാപനത്തിലൂടെ ബി.ജെ.പി.വിരുദ്ധത രാഷ്ട്രീയമായിരിക്കുമെന്ന സൂചനയും വിജയ് നൽകുന്നു. സമത്വം, സാമൂഹികനീതി തുടങ്ങിയ ദ്രാവിഡകക്ഷികളുടെ ആശയവും വിജയ് കടമെടുത്തിരിക്കുകയാണ്. അംബേദ്കർ, പെരിയാർ, കാമരാജ് എന്നിവരുടെ ചിന്തകൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിജയ് വ്യക്തമാക്കിയിട്ടുണ്ട്.
ജാതിരാഷ്ട്രീയം ശക്തമായി നിലനിൽക്കുന്ന തമിഴ്നാട്ടിൽ ദളിത് വോട്ടുകളിലും വിജയ് കണ്ണുവെക്കുന്നുണ്ട്. രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കം അംബേദ്കർ ജയന്തി ആഘോഷിച്ച് തുടങ്ങിയിരുന്നു.
ഇടതുപക്ഷവുമല്ല, വലതുപക്ഷവുമല്ല തന്റെ പാർട്ടി മധ്യത്തിലായിരിക്കുമെന്നാണ് കമൽഹാസൻ മക്കൾ നീതി മയ്യം ആരംഭിച്ചപ്പോൾ പറഞ്ഞത്. ദ്രാവിഡകക്ഷികളുമായി കൂട്ടുകെട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ്. ആത്മീയരാഷ്ട്രീയമാണ് തന്റെ നയമെന്നായിരുന്നു കമലിന് ഒപ്പം രാഷ്ട്രീയപ്രവേശത്തിന് ഒരുങ്ങിയ രജനിയുടെ പ്രഖ്യാപനം. ഇതേസമയം തമിഴ് വൈകാരികതയും സമത്വവുമായിരിക്കും തമിഴക വെട്രി കഴകം പിന്തുടരുന്ന പാതയെന്നാണ് വിജയ്യുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]