
“ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത്? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്…” നിമ്ന വിജയിന്റെ ‘നനയുവാൻ ഞാൻ കടലാകുന്നു’ എന്ന പുസ്തകം ഇരിക്കുന്ന മാതൃഭൂമി ബുക്സിന്റെ സ്റ്റാളിനപ്പുറം ആ നേരത്ത് ‘കൾച്ചർ’ ഒരു കടലാകുകയായിരുന്നു. ആ ഭൂമികയിലെത്തിയ ഓരോരുത്തർക്കും നനയുവാൻ വേണ്ടി സ്വയം ഒരു കടലായി മാറിയ ‘കൾച്ചർ’. സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആ കടലിൽ ത്രസിച്ചു നിന്നവരൊക്കെ ആഗ്രഹിച്ചത് ഒന്നുമാത്രം, ‘ഈ മഴ പെയ്തുതീരാതിരുന്നെങ്കിൽ…!’
വേനൽഭൂമികയിൽ സംഗീതമഴയായി മാതൃഭൂമി കപ്പ ‘കൾച്ചർ’ പെയ്തു നിറയുമ്പോൾ ജീവിതത്തിലെ അതിമനോഹരമായൊരു അധ്യായത്തിലൂടെ കടന്നുപോകുകയായിരുന്നു ഓരോ ആസ്വാദകനും. വെള്ളിയാഴ്ച തുടങ്ങിയ കപ്പ ‘കൾച്ചറി’ന്റെ ത്രില്ലും ചില്ലുമെല്ലാം ടോപ് ഗിയറിലേക്ക് കൂടുമാറിയ കാഴ്ചയായിരുന്നു രണ്ടാം ദിനമായ ശനിയാഴ്ച തെളിഞ്ഞത്. സിതാര കൃഷ്ണകുമാറും ജേക്സ് ബിജോയിയും നരേഷ് അയ്യരും പങ്കെടുത്ത സംവാദത്തിലൂടെയായിരുന്നു രണ്ടാം ദിനത്തിലെ അനുഭവപ്പൂക്കൾ വിടർന്നു തുടങ്ങിയത്. മ്യൂസിക് കൾച്ചർ എന്ന വിഷയത്തിൽ നടന്ന സംവാദത്തിന്റെ മനോഹാരിതയുടെ ആഴമറിയാൻ ജേക്സ് ബിജോയ് പാടിയ ആ വരികൾ മാത്രം മതിയായിരുന്നു, “പറയുവാൻ ഇതാദ്യമായ് വരികൾ മായേ, മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും…”
ഇൻഡി, ജാസ്, ഫ്യൂഷൻ, ഡിസ്കോ, ടെക്നോ ആൻഡ് റാപ്പ്, ഫങ്ക്, ഹൗസ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ ആസ്വദിക്കാൻ കഴിയുന്ന വിധം ഒരുക്കിയിരുന്ന ‘കൾച്ചറി’ലെ രണ്ടാം ദിനത്തിൽ മറ്റു സോണുകളും ആവേശഭരിതമായിരുന്നു. ഫാഷൻ കൾച്ചറിൽ ടൈ ആൻഡ് ഡൈയും കാലിഗ്രഫിയും സോൾ ആർട്ടും ടെക്സ്റ്റൈൽ ആർട്ടും ഫെയ്സ് പെയിന്റിങ്ങും ഡ്രഡ് ലോക്സുമൊക്കെ രണ്ടാം ദിനത്തിലും ആസ്വാദകർക്ക് വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ചപ്പോൾ ആർട്ട് കൾച്ചറിൽ നിസ്സാൻ ലൈവ് ആർട്ടും ഒറിഗാമിയും കാരിക്കേച്ചറും ഇൻസ്റ്റന്റ് പോയട്രിയും അവർക്ക് വിരുന്നായി.
മൂവ്മെന്റ് കൾച്ചറിൽ ഫ്ലോ ആർട്ടും സ്കേറ്റ് ബോർഡിങ്ങും ഫുട്ബോൾ ഫ്രീ സ്റ്റൈലും ഡെക്കാത്ലൺ അഡ്വഞ്ചറും കാണികൾ ആദ്യ ദിനത്തിലേതുപോലെ തന്നെ ഏറ്റെടുത്തതോടെ അവിടെയും ആവേശം ഫുൾ റേഞ്ചിലായി.
ഫ്ളോട്ടിങ് ഫോക്സും ഡ്രമാറ്റിക്കും സൗരഭ് കോത്താരിയുമായിരുന്നു രണ്ടാം ദിനത്തിൽ കപ്പ സ്റ്റേജിലെ സംഗീത മഴയുടെ ആദ്യ മേഘങ്ങളായത്. ശീലങ്ങളുടെയും കാഴ്ചകളുടെയും മുൻവിധികളിലേക്ക് പാട്ടുകൊണ്ട് ചോദ്യമെറിഞ്ഞായിരുന്നു ബെംഗളൂരുവിൽനിന്നുള്ള ഫ്ളോട്ടിങ് ഫോക്സിന്റെ വരവ്. മുടി വളർത്തിയവരെല്ലാം പ്രശ്നക്കാരാണെന്ന ചിന്തയിൽ സമൂഹത്തിലെ ചിലരുടെ നോട്ടം പ്രമേയമാക്കിയതായിരുന്നു അവരുടെ ഗാനം. രസകരമായ പാട്ടുകൾ സദസ്സിലേക്കും അപാരമായ വൈബ് പകർന്നതോടെ ആസ്വാദകരും ഇളകിത്തുള്ളി. കൾച്ചർ വേദിയിലെ മ്യൂസിക് പെർഫോമൻസുകളായിരുന്നു രണ്ടാം ദിനത്തിലെ സൂപ്പർ ഹൈലൈറ്റ്സ്. ജോവൻ റോയിയും പ്രിയാഞ്ജനയും അർമാൻഡോ ഫെറേറയും തീർത്ത സംഗീത വിസ്മയങ്ങൾക്കൊടുവിൽ അതാ വരുന്നു ക്ലൈമാക്സിലെ സൂപ്പർ ഹിറ്റ് സംഗീതം. ബ്ലോട്ടും പിന്നാലെ ആഷ് റോയിയും സംഗീത വിസ്ഫോടനം തീർത്തതോടെ ‘കൾച്ചറി’ന്റെ ഭൂമികയിൽ ആ രാവിൽ നിശ്ചലനായി ഒരാൾ പോലുമുണ്ടായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]