
തിരുവനന്തപുരം: കോൺഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല എന്നല്ല കെപിസിസി അധ്യക്ഷൻ പറഞ്ഞതെന്നും ആ അർത്ഥത്തിലല്ല സുധാകരൻ പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. ഷമ പറഞ്ഞത് സത്യമാണ്. വനിതകളെ വേണ്ട വിധത്തിൽ പരിഗണിക്കാൻ കഴിഞ്ഞിട്ടില്ല. സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോൾ വനിതാ പ്രാതിനിധ്യം കുറഞ്ഞു. ഷമ പാവം കുട്ടി, താനുമായി സംസാരിച്ചു. കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഉറച്ചു നിൽക്കുമെന്ന് പറഞ്ഞു.ഇനി അത്തരം പ്രസ്താവനകൾ ഉണ്ടാവില്ലെന്നും ഷമ വ്യക്തമാക്കിയെന്നും സതീശൻ പറഞ്ഞു.
വടകര വൻ ഭൂരിപക്ഷത്തിൽ ജയിക്കും. ഇന്നലെ അത് മനസിലായില്ലേ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ താൻ ചുമതല ഏറ്റെടുത്ത് പോകും. നേരത്തെ തന്നെ തനിക്ക് പാർട്ടി ചുമതല നൽകി.പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കും. സിദ്ധാർത്ഥന്റെ മരണം കേരളത്തിലെ എല്ലാവരെയും വേദനിപ്പിച്ചു. ഇനി ഇങ്ങനെ ഒരു അക്രമം ഉണ്ടാകില്ല എന്ന് വിചാരിച്ചു. യൂണിവേഴ്സിറ്റി കലോത്സവത്തിൽ എസ്എഫ്ഐ ക്രിമിനലുകൾ അക്രമം അഴിച്ചുവിടുകയാണ്. മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസ്സാണ്. അതുകൊണ്ടാണ് ഇങ്ങനെയുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്നത്.ഇനിയും തുടർന്നാൽ ഞങ്ങൾ തിരിച്ചടിക്കും. ക്രിമിനൽ സംഘമാണ് എസ്എഫ്ഐ എന്ന് ബിനോയ് വിശ്വമാണ് പറഞ്ഞത്.
കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തും എന്നാണ് ഇ പി ജയരാജൻ പറഞ്ഞത്. ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനറോ അതോ എൻഡിഎ ചെയർമാൻ ആണോയെന്നും വിഡി സതീശൻ ചോദിച്ചു. പർത്മജ വേണുഗോപാല്‍ നടത്തിയ ആരോപണങ്ങളെയും വിഡി സതീശൻ തള്ളി. പത്മജ വേണുഗോപാൽ ഉന്നയിച്ച പണമിടപാട് ആരോപണം വ്യാജ പരാതിയാണെന്നും അങ്ങനെയൊരു പരാതി ആര്‍ക്കും കിട്ടിയിട്ടില്ലെന്നും 3 വര്‍ഷം കഴിയുമ്പോള്‍ എങ്ങനെയാണ് ആരോണവുമായി വരുന്നതെന്നും വിഡി സതീശൻ ചോദിച്ചു. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് പത്മജ ആരോപിച്ചിരുന്നു. തൃശൂര്‍ മുന്‍ ഡിസിസി പ്രസിഡന്റ് എംപി വിന്‍സെന്റിനെതിരെയാണ് പത്മജ വേണുഗോപാല്‍ സാമ്പത്തികാരോപണം ഉന്നയിച്ചത്.
ഇതിനിടെ, ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നതിനിടെ തന്റെ ഐഡി പങ്കുവെച്ച് എഐസിസി വക്താവ് രംഗത്തെത്തി. ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ തന്റെ ചിത്രം സഹിതമുള്ള വിവരണമാണ് ഷമാ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എഐസിസി വക്താവിനെ കെപിസിസി അധ്യക്ഷനായ സുധാകരന് അറിയില്ലേ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
കോൺഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന് പറഞ്ഞ എഐസിസി വക്താവ് ഷമക്കെതിരെയാണ് നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് വന്നത്. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് കെ സുധാകരൻ പറഞ്ഞു. വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതി. അവരൊന്നും പാർട്ടിയുടെ ആരുമല്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറയുകയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഷമാ മുഹമ്മദ് രംഗത്ത് വന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു.
പാർട്ടി പരിപാടികളിൽ സ്റ്റേജിൽ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. സ്ത്രീകൾക്ക് എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റാണ്. വടകരയിൽ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ ഉണ്ടായിരുന്നു. വടകരയിൽ ഷാഫിയെ കൊണ്ടുവന്നാൽ പാലക്കാട് പരിക്ക് പറ്റുമെന്നും ഷമ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ സുധാകരൻ രംഗത്തെത്തിയത്.
Last Updated Mar 11, 2024, 1:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]