
ഹലോ കമോൺ, ഞാനിവിടെ ഉണ്ടേ, നിങ്ങളെ കേൾക്കാൻ ക്ഷമയോടെ. നിന്റെ വാക്ക് പക്ഷേ എനിക്കൊരു കവിതയാകും. അതാണ് എന്റെ പ്രതിഫലം. ലേഡി ലാസറസിന്റെ നയമാണിത്. ലേഡി ലാസറസ് എന്നാൽ പലതുമാണ്. യുവ കവയിത്രിയാണ്, കൗൺസിലറാണ്, സർവോപരി നല്ലൊരു കൃഷിക്കാരിയും. കേൾവിക്കാരിയായി ഇരിക്കുമ്പോൾ അവരിൽ ഒരു കവിത വരും. അത് ടൈപ്പ് റൈറ്ററിലാണ് രചിക്കുക. ടൈപ്പ് റൈറ്റർ നാട് നീങ്ങിയില്ലേ…? ചോദ്യം തള്ളി ലേഡി ലാസറസ് പറയും. ‘ഇല്ലെന്നേ ഇതാ എന്റെ കൈയിലുണ്ടല്ലോ. മറ്റ് പലരുടെയും കൈവശമുണ്ട്. നിങ്ങൾ ഇല്ലെന്നു പറയുന്ന പലതും നാട്ടിലുണ്ട്, സമാധാനം പോലും…’ ലേഡി ലാസറസ് ചിരിക്കുന്നു.
കപ്പ കൾച്ചറിൽ അവർ ഒരു ടൈപ്പ് റൈറ്ററുമായി ഇരിക്കുന്നുണ്ട്. ആളുകളോട് സംസാരിക്കുന്ന അതേ വേഗത്തിൽ ചിലത് ടൈപ്പ് ചെയ്യുന്നു. നോക്കിയപ്പോൾ പോസ്റ്റ് കാർഡിൽ. എഴുത്ത് പൂർത്തിയായതും ആ കാർഡ് വന്നയാൾക്ക് സമ്മാനമായി നൽകുന്നു. ഒരു വലിയ കുന്ന് കയറിയിറങ്ങിയ ആശ്വാസത്തോടെ വന്നവർ മടങ്ങുന്നു.
എന്തിനാണ് ടൈപ്പ് റൈറ്റർ. വാട്സാപ്പ്, മെയിൽ തുടങ്ങി ഒരുപിടി പുതിയ വഴികളുണ്ടല്ലോ. ചോദ്യത്തിന് ചിരിയോടെ മറുചോദ്യം. അതിൽ ഏതാണ് ഫ്രെയിം ചെയ്ത് വെക്കാൻ പറ്റുന്നത്. പറയൂ. കാർഡിൽ ടൈപ്പ് ചെയ്യുന്നത് വാങ്ങിപ്പോകുന്ന പലരും ഒരു സമ്മാനം പോലെ ലാമിനേറ്റ് ചെയ്ത് വെക്കും. അവരുടെ പിന്നെ ഏതൊരു സന്തോഷത്തിലും എന്നെ വിളിക്കും – അവർ പറഞ്ഞു. കുട്ടനാട് സ്വദേശിയാണ് ഈ യുവതി. പ്രിയ വർഗീസ് എന്നാണ് യഥാർഥ പേര്. കവിത മനസ്സിൽ വന്നപ്പോൾ പുതിയ പേരിട്ടു. അപ്പനും അമ്മയ്ക്കും ഏക മകൾ. 10 ഏക്കർ നെൽകൃഷിയുണ്ട്. അത് യഥാസമയം നോക്കിനടത്തും. ഒന്നാന്തരം കൃഷിക്കാരി. കർഷകത്തൊഴിലാളി വനിതകളെ സഹായിക്കും. അവർക്ക് നീതി കിട്ടണമെന്ന് വാദിക്കും. അപ്പൻ ചെയ്തതുപോലെ നന്നായി കൃഷി ചെയ്യും. കൃഷി കഴിഞ്ഞാൽ തന്റെ പ്രൊഫഷനായ കൗൺസലിങ്ങിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കും. ആളുകൾക്ക് പറയാൻ പലതും മനസ്സിൽ വിതുമ്പി നില്പുണ്ടെന്ന തിരിച്ചറിവിലാണ് ബസ്കിങ് അഥവാ തത്സമയ കവിത എന്ന ആശയവുമായി പൊതു ഇടത്തിലേക്ക് പോയത്.
ആളുകൾ അവരോട് പറയാൻ വന്നുതുടങ്ങി. സന്തോഷം, സങ്കടം, ആശയം, ആശങ്ക…. എന്തുമെന്തും. മടങ്ങുന്നവരുടെ മുഖത്തെ ആശ്വാസം. അത് വലിയൊരു സമ്മാനമാണ്. അതിനെ വെല്ലുന്ന ഒന്നും തനിക്ക് കിട്ടിയിട്ടില്ല. ഈ കാതോടു കാതോരത്തിൽ 700 കുറുംകവിതകൾ എഴുതി. പല മേളകളിലേക്കു പോയി. അതൊരു യാത്രയായി.
കൃഷിക്കാരുടെ കാര്യത്തിനാണ് പരിഹാരം ഇല്ലാത്തത് – അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. വിളവെടുക്കുന്ന സ്വന്തം വിഭവത്തിന് പണം കിട്ടാൻ ബാങ്ക് കയറിയിറങ്ങണം. അത് തന്നെ വായ്പയായി കിട്ടും. ഇതൊക്കെ വിചിത്രമാണ്. പക്ഷേ, ഒരു ആശ്വാസം. എന്നായാലും കിട്ടുന്നുണ്ടല്ലോ. താൻ സംസാരിക്കുമ്പോൾ വന്നിരിക്കുന്നയാൾക്ക് കിട്ടുന്ന ഇൻസ്റ്റന്റ് സന്തോഷം നെല്ലിലും വേണമെന്ന് അവർ ആഗ്രഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]