
സുബീഷ് സുധിയെ നായകനാക്കി ടി.വി. രഞ്ജിത് സംവിധാനം ചെയ്ത ചിത്രമായ ഒരു സർക്കാർ ഉത്പന്നത്തെ അഭിനന്ദിച്ച് സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട്. പണവും സമയവും നഷ്ടപ്പെടുത്താത്ത ചിത്രമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്. ചിത്രം ഒരുപാട് ഇഷ്ടമായെന്നും അംബികാസുതൻ മാങ്ങാട് വ്യക്തമാക്കി.
ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് പോസ്റ്റ് ഇടുന്നതെന്ന ആമുഖത്തോടെയാണ് അംബികാസുതൻ മാങ്ങാട് ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തേക്കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. “ഒരു സർക്കാർ ഉത്പന്നം എന്ന സിനിമ അത്ര ഇഷ്ടപ്പെട്ടു. പണവും സമയവും നഷ്ടമാവില്ല. ഞാൻ ഗ്യാരണ്ടി. ഈയിടെ രണ്ട് മഹാസിനിമകൾ കണ്ട് ചമ്മിയതാണ്. സംശയിച്ചാണ് കേറി പോയത്. എന്നാൽ സമയം പോയതറിഞ്ഞില്ല. നർമ്മവും കണ്ണീരും നിറഞ്ഞ ഹൃദയസ്പർശിയായ ജീവിതകഥ. ശക്തമായ രാഷ്ട്രീയവും ചിരികൾക്കിടയിൽ ആഖ്യാനിക്കുന്നുണ്ട്.” അദ്ദേഹം പറഞ്ഞു.
“കാസർകോട് ദേശവും ഭാഷയും സൗന്ദര്യത്തോടെ നിറയുന്ന മറ്റൊരു നല്ല സിനിമ. രണ്ടേ രണ്ടു വരിയിൽ എൻഡോസൾഫാൻ ദുരന്തം ശക്തമായും കൃത്യമായും പറയുന്നുണ്ട് ഒരിടത്ത്. സിനിമയുടെ അണിയറയിലുള്ള എല്ലാവരേയും അഭിനന്ദിക്കുന്നു. പിന്നെ നിസാം റാവുത്തർ. ഈ സിനിമയുടെ കഥയും തിരക്കഥയും. താൻ പ്രാണൻ നൽകി ഉണ്ടാക്കിയ സിനിമ. കാണാൻ പ്രിയ കൂട്ടുകാരൻ കാത്തു നിൽക്കാതെ മിനിഞ്ഞാന്ന് തിരശീലയുടെ പിന്നിലേക്ക് പൊയ്ക്കളഞ്ഞു… സിനിമ കണ്ട് ജനങ്ങൾ കയ്യടിക്കുമ്പോൾ അത് കാണാനും കേൾക്കാനും നീ അരികിൽ ഉണ്ടായിരുന്നെങ്കിൽ… ഓർക്കുമ്പോൾ വല്ലാതെ സങ്കടം തികട്ടി വരുന്നുണ്ട്…..” അംബികാസുതൻ മാങ്ങാട് കൂട്ടിച്ചേർക്കുന്നു.
അച്ചാംതുരുത്തിയെന്ന നാടിനെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. സന്താനസൗഭാഗ്യമില്ലാത്ത ഒട്ടനവധി പേരെത്തുന്ന മീനൂട്ടിക്കാവിലമ്മ ക്ഷേത്രം അച്ചാംതുരുത്തിലാണുള്ളത്. നാല് മക്കളുള്ള പ്രദീപനാണ് കഥയിലെ നായകൻ. കല്യാണം കഴിഞ്ഞ് ഏറെ കാലമായിട്ടും പ്രണയം തുളുമ്പുന്ന മനസ്സുമായാണ് ഭാര്യ ശ്യാമയുടെ അടുത്ത് പ്രദീപനെത്തുന്നത്. പഞ്ചായത്തിൽ പുരുഷ വന്ധ്യകരണം നടപ്പിലാക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]