
മുംബൈ: അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ നായകനെ പ്രഖ്യാപിച്ച് ജയ് ഷാ. ഇക്കുറിയും രോഹിത് ഷർമ്മ തന്നെ ഇന്ത്യൻ ടീമിനെ നയിക്കുമെന്നാണ് ബി സി സി ഐ സെക്രട്ടറി പ്രഖ്യാപിച്ചത്. ഇക്കുറി ഇന്ത്യൻ ടീം കിരീടം നേടുമെന്നും ജയ് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. കോച്ച് രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, നായകൻ രോഹിത് ശർമ്മ എന്നിവരെ സാക്ഷിയാക്കിയായിരുന്നു ജയ് ഷായുടെ പ്രഖ്യാപനം.
തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ചിട്ടും 2023 ഏകദിന ലോകകപ്പ് കലാശക്കളിയിൽ ഇന്ത്യക്ക് പരാജയമേറ്റുവാങ്ങേണ്ടിവന്നിരുന്നു. എന്നാൽ വരുന്ന ട്വന്റി 20 ലോകകപ്പിൽ രോഹിതിന്റെ നായകത്വത്തിന് കീഴിൽ ഇന്ത്യ ഉറപ്പായും കപ്പിൽ മുത്തമിടുമെന്നും ബി സി സി ഐ സെക്രട്ടറി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ട്വന്റി 20 ടീമിനെ ഹർദ്ദിക്ക് പാണ്ഡ്യയാകും നയിക്കുകയെന്ന ചർച്ചകൾക്ക് കൂടി വിരാമമിടുകയാണ് ജയ് ഷാ ചെയ്തിരിക്കുന്നത്. 2023 ജനുവരി മുതൽ ഇന്ത്യൻ ടി 20 സംഘത്തെ നയിച്ചുവന്നത് പാണ്ഡ്യയായിരുന്നു. ഇക്കഴിഞ്ഞ അഫ്ഗാനെതിരായ മത്സരത്തിലൂടെയാണ് രോഹിത് വീണ്ടും ടി 20 യിലും നായകക്കുപ്പായം അണിഞ്ഞത്. ബി സി സി ഐ സെക്രട്ടറിയുടെ ഇന്നത്തെ പ്രഖ്യാപനത്തോടെ ലോകകപ്പിൽ രോഹിതിന് കീഴിലാകും പാണ്ഡ്യ കളിക്കുകയെന്ന് കൂടി വ്യക്തമാകുകയാണ്.
അതേസമയം ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നിർണായക മൂന്നാം മത്സരം നാളെ രാജ്കോട്ടില്‍ തുടങ്ങും. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. 9 മണിക്ക് ടോസ് വീഴും. പരമ്പര 1 – 1 ന് സമനിലയിലായതിനാല്‍ ഇരു ടീമുകള്‍ക്കും നിർണായകമാണ് മൂന്നാം ടെസ്റ്റ്. വലിയ മാറ്റങ്ങളോടെയാവും ഇന്ത്യന്‍ ടീം ഇന്ന് കളത്തിലെത്തുകയെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Mar 9, 2024, 10:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]