
ശ്വേത മോഹന്റെ പാട്ടുതീരുമ്പോൾ പെണ്ണ് എന്ന മധുരമുള്ള പദം വാനമ്പാടിയെപ്പോലെ ഉയരേക്ക് ചിറകുവെച്ച് പറക്കും. സ്ത്രീത്വത്തിനുള്ള ആദരമായി ഈ ലോക വനിതാദിനത്തിന് ഇരുപതുവർഷം പിന്നിടുന്ന സൗഹൃദം ശ്രുതിചേർത്ത് ഒരു ഗായികയും പ്രിയകൂട്ടുകാരിയും ചേർന്നൊരുക്കുന്ന ആനന്ദഗീതം.
‘സ്ത്രീ’ എന്നുപേരിട്ട മ്യൂസിക് വീഡിയോയുടെ വരികളിലും ഈണത്തിലും കാഴ്ചകളിലും പ്രതിസന്ധികൾക്ക് മീതേയുള്ള പെൺവിജയങ്ങളാണ് നിറയെ. സംഗീതവും ആലാപനവും ശ്വേതയുടേത്. കോറസായി മുഴങ്ങുന്ന ‘പെണ്ണേ..പെണ്ണേ…പെണ്ണേ..നീ ഉയരെ, ഉയരെ, ഉയരെ’ എന്ന വരികൾ കൊണ്ട് അതിന് തുടക്കം കോറിയിട്ടത് കുട്ടിക്കാലം തൊട്ടേയുള്ള കൂട്ടുകാരി മൈത്രി ശ്രീകാന്ത്.
യുവത്വത്തിനുവേണ്ടി ആലോചിച്ച സംഘഗാനം പിന്നീട് എപ്പോഴോ പെൺമയ്ക്ക് വേണ്ടിയുള്ള പാട്ടിലേക്ക് എത്തുകയായിരുന്നു. സ്ത്രീശാക്തീകരണത്തിന് വേണ്ടിയുള്ള ‘രാഗ’ എന്ന സന്നദ്ധസംഘടനയ്ക്ക് നേതൃത്വം നല്കുന്ന മൈത്രി അതിൽ വിഷയമാക്കാനുദ്ദേശിച്ചത് സ്ത്രീകൾക്കിടയിലെ അർബുദ ബോധവത്കരണമായിരുന്നു. പിന്നീട് ഒരുപാട് കാര്യങ്ങൾ ഇതിനൊപ്പം പറയാമല്ലോ എന്ന ചിന്ത ‘സ്ത്രീ’ എന്ന വീഡിയോ ആൽബത്തിലേക്ക് എത്തിക്കുകയായിരുന്നു.
വീടിനകത്ത് പലവേഷങ്ങളിൽ പാടിപ്പുകഴ്ത്തപ്പെടാത്ത നായികയായി നിറഞ്ഞുനിൽക്കുന്ന സ്ത്രീയുടെ വിവിധ മുഖങ്ങളാണിതിലുള്ളത്. ഒപ്പം അവളെ നോവിക്കുന്ന സ്ത്രീധനപീഡനം പോലെയുള്ള വിഷയങ്ങളും കടന്നുവരുന്നു. മധ്യവയസ്സിലെത്തിയ സ്ത്രീകളിലെ സ്തനാർബുദത്തിനും പെൺകുട്ടികളിലെ സെർവിക്കൽ കാൻസറിനും എതിരായ ബോധവത്കരണംകൂടി ലക്ഷ്യമിടുന്നുണ്ട്. മലയാളത്തിന് പുറമേ ശ്വേതയുടെ ശബ്ദത്തിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മൂന്നര മിനിറ്റുള്ള ഗാനം പുറത്തിറങ്ങും.
മൈത്രിയുടെ വരികൾക്കൊപ്പം മലയാളത്തിൽ അനു എലിസബത്തും ഹിന്ദിയിൽ മനോജ് യാദവും തമിഴിൽ കൃതിക നെൽസണും തെലുങ്കിൽ വനമാലിയും രചന നിർവഹിച്ചു. ഷാരൺ കെ. വിപിനാണ് സംവിധാനം. ആമോഷ് പുതിയാട്ടിൽ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചു.
‘മനസ്സ് അസ്വസ്ഥമായിരിക്കുമ്പോഴോ സങ്കടങ്ങളുണ്ടാകുമ്പോഴോ അതൊക്കെ മറക്കാൻ ഞാൻ കേൾക്കാൻ കൊതിക്കുന്നതരം ഒരുപാട്ട്. അതായിരുന്നു ഇതിന് ഈണം നൽകുമ്പോൾ മനസ്സിലുണ്ടായിരുന്നത്.’- ശ്വേത പറയുന്നു. പാട്ടൊരുക്കുന്ന ഘട്ടങ്ങളിൽ അമ്മ സുജാതയുടെ നിർദേശങ്ങളും തുണയായി.
‘ലോകമെങ്ങുമുള്ള സ്ത്രീകളുടെ മാനസികവും ശാരീരികവുമായ സ്വാസ്ഥ്യത്തെയാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. അതിനൊപ്പം നാളത്തെ പെൺകുട്ടികൾക്കുവേണ്ടിയുള്ള ഐക്യദാർഢ്യവും അവരുടെ വിജയങ്ങൾക്കും വെല്ലുവിളികൾക്കുമിടയിലുള്ള പാലവുമാണിത്.’- മൈത്രി പറയുന്നു. ഇതിനൊപ്പം ‘പിങ്ക് ലിപ് സ്റ്റിക്’ എന്ന പേരിൽ പുതിയൊരു സ്ത്രീശാക്തീകരണക്കൂട്ടായ്മയ്ക്കും ഇവർ തുടക്കമിടുന്നുണ്ട്.
മുംബൈയിലെ ദോബി ഘട്ട് പോലുള്ള സ്ഥലങ്ങളിൽ നിന്നുള്ള യഥാർഥ കാഴ്ചകൾ പകർത്തിയൊരുക്കിയ ‘സ്ത്രീ’യിൽ വെല്ലുവിളികളെ അതിജീവിച്ച പല വനിതകളും പ്രത്യക്ഷപ്പെടുന്നു. ശ്വേത മോഹന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ പുറത്തിറങ്ങുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]