
തമിഴകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള സിനിമയെ പറ്റിയാണ്. കൊടൈക്കനാലിൽ യാത്ര പോയ ഒരു കൂട്ടം സുഹൃത്തുക്കളുടെ യഥാർത്ഥ കഥ പറഞ്ഞ ചിത്രം എങ്ങും പുകഴ്ത്തപ്പെടുമ്പോൾ ചിലർ ചിത്രത്തിന് എതിരെയും രംഗത്തെത്തി. കഴിഞ്ഞ ദിവസം മേഘ്ന എന്ന തമിഴ് നടി മഞ്ഞുമ്മലിന് എതിരെ രംഗത്ത് എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന് ആണ് സിനിമയ്ക്ക് എതിരെ രംഗത്ത് എത്തിയത്.
മഞ്ഞുമ്മൽ സിനിമയെ മുൻനിർത്തി മലയാളികളെ അധിക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നു . സാധാരണക്കാരെ ആഘോഷിക്കുന്നെന്ന പേരിൽ ‘പൊറുക്കികളെ’ സാമാന്യവല്ക്കരിക്കുകയാണ് മഞ്ഞുമ്മല് ബോയ്സ് ചെയ്തതെന്നും വിനേദസഞ്ചാര മേഖലയിൽ എത്തുന്ന മലയാളികളുടെ യഥാർത്ഥ സ്വഭാവം ആണ് സിനിമയിലേതെന്നുമെല്ലാം ജയമോഹൻ ബ്ലോഗിൽ കുറിച്ചു. ഇത് വാർത്തകളിൽ ഇടം നേടിയതിന് പിന്നാലെ കമന്റുകമായി മലയാളികൾ അടക്കം ഉള്ളവർ രംഗത്ത് എത്തുകയായിരുന്നു.
‘ആദ്യമായി ഒരു മലയാള പടം തമിഴ്നാട്ടിൽ തകർത്തോടുന്നത് കണ്ട് ചിലർക്കൊക്കെ നല്ല പോലെ പ്രശ്നമുണ്ട്, ഇന്നലെ ഒരു തമിഴ് നടി ഇന്ന് ഒരു writer എല്ലാരും കൂടി മലയാളികളെ ആകെ താറടിച്ചു കാണിക്കുകയാണ്’, എന്നാണ് ഒരു മലയാളി ട്വിറ്ററിൽ കുറിച്ചത്. ‘ആനിമൽ സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞാൽ ഞാൻ സമ്മതിക്കും, എന്നാൽ മലയാളം ഇക്കാലത്ത് തമിഴിനേക്കാൾ വളരെ മികച്ച സിനിമയാണ് ചെയ്യുന്നത്’, എന്ന് മറ്റൊരാളും കുറിക്കുന്നു. പോസിറ്റീവ് സിനിമയ്ക്ക് നെഗറ്റീവ് പറയുന്നതാണ് ഇപ്പോഴത്തെ ട്രെന്റ് എന്ന് പറയുന്നവരും ഉണ്ട്.
അതേസമയം, ജയമോഹനെ സപ്പോർട്ട് ചെയ്യുന്നവരും ഉണ്ട്. അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞത് ശരിയാണെന്നും ഇവർ പറയുന്നു. എന്നാൽ മലയാളികളെ ഇത്തരത്തിൽ താഴേത്തട്ടിലാക്കി പറയേണ്ടിയിരുന്നില്ല എന്ന് പറയുന്നവരും ഉണ്ട്.
ഇന്നലെയാണ് നടി മേഘ്ന മഞ്ഞുമ്മൽ ബോയ്സിനെതിരെ എത്തിയത്. ഇത്രയും ഹൈപ്പ് എന്തിനാണ് സിനിമയ്ക്ക് നൽകുന്നതെന്ന് മനസിലാകുന്നില്ലെന്നും തനിക്ക് ചിത്രം തൃപ്തികരമായി തോന്നിയില്ലെന്നും ആണ് ഇവർ പറഞ്ഞത്. പിന്നാലെ നിരവധി പേർ നടിയ്ക്ക് എതിരെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.
Last Updated Mar 9, 2024, 11:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]