
കൊല്ലം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ അഴിമതി ആരോപണമുന്നയിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ആരോഗ്യ മന്ത്രി വീണ ജോർജ് അഴിമതി നടത്തുന്നുണ്ടെന്നും വൈകാതെ തന്നെ ഈ അഴിമതിയും പുറത്തുവരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ആരോഗ്യമന്ത്രിക്ക് ധൈര്യമുണ്ടേൽ മരുന്നുകൾക്കായി ഇക്കഴിഞ്ഞ 10 വർഷം കേന്ദ്രം തന്ന പണത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കള്ളന് കഞ്ഞി വച്ചവനാണെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കേസ് ഒതുക്കാൻ സതീശൻ ശ്രമിച്ചു. മാസപ്പടിയിൽ ഇടത് – വലത് നേതാക്കൾക്ക് എതിരെ നടപടി വരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നരേന്ദ്ര മോദി സർക്കാർ ഉള്ളത് കൊണ്ടാണെന്നും കോൺഗ്രസ് അവർക്ക് ഒത്താശയാണ് എല്ലാക്കാലത്തും ചെയ്തതെന്നും ബി ജെ പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. അയോധ്യ വിഷയത്തിൽ പാണക്കാട് തങ്ങൾ പറഞ്ഞ നല്ല വാക്കുകളെ കോൺഗ്രസ് തള്ളിയെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്ത്തു.
അതേസമയം മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകളെ രക്ഷിക്കാൻ കെ എസ് ഐ ഡി സി 25 ലക്ഷം രൂപ കൊടുത്ത് അഭിഭാഷകനെ വെക്കുകയാണെന്നും സുരേന്ദ്രൻ ചൂണ്ടികാട്ടി. ഖജനാവിലെ പണമാണിത്. സർക്കാർ അഭിഭാഷകരുള്ളപ്പോൾ പുറത്ത് നിന്നും ലക്ഷങ്ങൾ പൊടിച്ച് വക്കീലുമാരെ ഇറക്കുന്നത് എന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന പ്രചരണം ഇനി വിലപ്പോവില്ല. കൃത്യമായ കണക്കുകൾ ഇല്ലാതെ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ. കേരളത്തിന് എത്ര കേന്ദ്ര ഫണ്ട് ലഭിച്ചുവെന്ന് സംസ്ഥാന സർക്കാർ പറയുന്നില്ല. കേന്ദ്രം അനുവദിച്ച റെവന്യൂ ഡെഫിസിറ്റി ഗ്രാൻഡിനെ കുറിച്ചോ ജിഎസ്ടി നഷ്ടപരിഹാരത്തെ കുറിച്ചോ സംസ്ഥാനം പറയുന്നില്ല. നിയമസഭയിൽ വ്യാജ പ്രചരണമാണ് നടക്കുന്നത്. കേന്ദ്രം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയ സംസ്ഥാനമാണ് കേരളം. യു പി എ സർക്കാരിനേക്കാൾ അഞ്ചിരട്ടി അധികം തുക മോദി സർക്കാർ കേരളത്തിന് നൽകിയെന്നും സുരേന്ദ്രൻ ചൂണ്ടികാട്ടി. മന്ത്രിസഭയിലെ അംഗത്തെ പോലെയാണ് സതീശൻ പെരുമാറുന്നത്. പിണറായി വിജയന്റെ പെട്ടി തൂക്കാനല്ല സതീശനെ നിയമസഭയിലേക്ക് അയച്ചതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ വിമർശിച്ചു.
Last Updated Mar 8, 2024, 10:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]