
ധരംശാല: ടീം ഇന്ത്യക്കെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരത്തിലും കിതയ്ക്കുകയാണ് ഇംഗ്ലണ്ട്. ധരംശാല ടെസ്റ്റിന്റെ ആദ്യ ദിനം 218 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്തായപ്പോള്‍ ഇന്ത്യ മറുപടി ബാറ്റിംഗില്‍ 135-1 എന്ന ശക്തമായ നിലയിലാണ്. പരമ്പരയില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മത്സരത്തില്‍ പിടിമുറുക്കിയിരിക്കേ ഇംഗ്ലണ്ടിനെ നിര്‍ത്തിപ്പൊരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരങ്ങളും കമന്റേറ്റര്‍മാരുമായ രവി ശാസ്ത്രിയും സഞ്ജയ് മഞ്ജരേക്കറും.
ആദ്യ മത്സരം കൈവിട്ടെങ്കിലും ടെസ്റ്റ് പരമ്പര ഇതിനകം ടീം ഇന്ത്യ 3-1ന് നേടിക്കഴിഞ്ഞു. ധരംശാലയിലെ അവസാന ടെസ്റ്റിലും ടീം ഇന്ത്യ ഗംഭീര തുടക്കമാണ് നേടിയത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ 218 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. 79 റണ്‍സെടുത്ത ഓപ്പണര്‍ സൗക്ക് ക്രോലി മാത്രമാണ് അര്‍ധസെഞ്ചുറി തികച്ച ഏക ഇംഗ്ലീഷ് ബാറ്റര്‍. കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും നൂറാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രന്‍ അശ്വിന്റെ നാല് വിക്കറ്റ് മികവും രവീന്ദ്ര ജഡേജയുടെ ഒരു വിക്കറ്റുമാണ് ഇംഗ്ലണ്ടിന് കനത്ത ആഘാതം നല്‍കിയത്. മറുപടി ബാറ്റിംഗില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 135 റണ്‍സിലെത്തിയ ഇന്ത്യ ശക്തമായ തുടക്കം നേടിയിട്ടുണ്ട്. 58 പന്തില്‍ 57 റണ്‍സെടുത്ത് യശസ്വി ജയ്സ്വാള്‍ മടങ്ങിയപ്പോള്‍ രോഹിത് ശര്‍മ്മയും (83 പന്തില്‍ 52*), ശുഭ്മാന്‍ ഗില്ലുമാണ് (39 പന്തില്‍ 26*) ക്രീസില്‍.
ഇതോടെയാണ് ഇംഗ്ലണ്ടിന്റെ ബാസ്ബോളിനെ പൊരിച്ച് രവി ശാസ്ത്രിയും സഞ്ജയ് മഞ്ജരേക്കറും രംഗത്തെത്തിയത്. ‘ടീം ഇന്ത്യയെ ഇന്ത്യയില്‍ തോല്പിക്കണമെങ്കില് ഇന്ത്യയുടെ എല്ലാ ബൗളര്‍മാരെയും ഇംഗ്ലണ്ടിന് വേണ്ടിവരും. ഇതിനൊപ്പം യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ്മ തുടങ്ങി കുറച്ച് ബാറ്റര്‍മാരെയും ഇംഗ്ലീഷ് ടീമിന് ആവശ്യമായി വരും’ എന്നായിരുന്നു ശാസ്ത്രിയുടെ പരിഹാസം. ‘അടിസ്ഥാനപരമായി ഇംഗ്ലണ്ട് പുറത്തു നിന്ന് ആളെ ഇറക്കി കളിക്കേണ്ടിവരുമെന്ന് ചുരുക്കം’ എന്നായിരുന്നു രവി ശാസ്ത്രിയുടെ അഭിപ്രായം ശരിവെച്ച സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകള്‍. 2012ലാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത് എന്ന് ഇരുവരും ഓര്‍മ്മിപ്പിച്ചു.
Last Updated Mar 8, 2024, 8:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]