
മൂന്ന് പെൺകുട്ടികൾക്ക് ശേഷം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ ഭാര്യയ്ക്ക് മുന്നിൽ മുട്ടുകുത്തി ചൈനീസ് യുവാവ്. എന്നാൽ, ചൈനയിലെ സോഷ്യൽ മീഡിയയിൽ വ്യാപകവിമർശനങ്ങളാണ് ഇയാൾ ഇപ്പോൾ നേരിടുന്നത്. തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ മെയ്ഷൗവിൽ നിന്നുള്ളതാണ് യുവാവ്. ഇയാൾ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഭാര്യ നാലാമതായി ആൺകുഞ്ഞിന് ജന്മം നൽകിയതിൽ അവളെ നമസ്കരിക്കുന്ന വീഡിയോ പങ്കുവച്ചത്.
വളരെ അധികം ക്ഷീണിതയാണ് യുവാവിന്റെ ഭാര്യ. അവൾ ഒരു വീൽചെയറിലാണ് ഉള്ളത്. ആശുപത്രിയിൽ നിന്നാണ് ഈ ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്. അയാളുടെ കയ്യിൽ ഒരു ബൊക്കയുണ്ട്. അത് ഭാര്യയ്ക്ക് നൽകുകയും അവളെ നമസ്കരിക്കുകയും ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്യുകയാണ് യുവാവ്. ഭാര്യ തന്റെ കണ്ണീര് തുടയ്ക്കുന്നതും വീഡിയോയിൽ കാണാം. “9 മാസത്തെ ഗർഭത്തിനും പ്രസവത്തിനും ശേഷം എന്റെ ഭാര്യ ആശുപത്രിയിൽ നിന്നും ഡിസ്പാർജ്ജാവാൻ പോവുകയാണ്. എല്ലാ വേദനയും അവൾ മാത്രം വഹിക്കുന്നു” എന്നും ഭർത്താവ് വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഒപ്പം തങ്ങൾക്ക് മൂന്ന് പെൺകുട്ടികളുണ്ട് എന്നും തനിക്കുവേണ്ടി ഒരു ആൺകുട്ടിയെ നൽകുന്നതിനായിട്ടാണ് ഭാര്യ തന്റെ ആരോഗ്യവും ജീവനും ഒക്കെ അപകടത്തിലാക്കി വീണ്ടും ഗർഭം ധരിച്ചത് എന്നും ഇയാൾ പറയുന്നു. “ഇത് നാലാമത്തെ തണവയാണ് എനിക്ക് വേണ്ടി നീ നിന്റെ ജീവിതം അപകടത്തിലാക്കുന്നത്. എൻ്റെ ജീവിതം കൂടുതൽ സമ്പൂർണ്ണമാക്കിയതിന് നന്ദി. മൂന്ന് പെൺമക്കളും ഒരു മകനും ഇപ്പോഴാണ് നമ്മളൊരു ‘നല്ല കുടുംബം’ ആയത്. ഭാര്യ എന്ന അർത്ഥത്തിൽ നീ കഠിനാധ്വാനം ചെയ്തു“ എന്നും യുവാവ് പറയുന്നു.
ഇപ്പോൾ ഒരു ആൺകുട്ടി തന്നെ ജനിച്ചിരിക്കുന്നു അതിൽ താൻ അതീവസന്തോഷവാനാണ് എന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, വൻ വിമർശനമാണ് ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. ആൺകുഞ്ഞിന് വേണ്ടി സ്വന്തം ഭാര്യയുടെ ജീവനു പോലും വില കല്പിക്കാതെ അവളെ വീണ്ടും ഗർഭം ധരിക്കാൻ പ്രേരിപ്പിച്ച ക്രൂരനാണ് നിങ്ങൾ എന്നാണ് ആളുകൾ ഇയാളെ കുറ്റപ്പെടുത്തിയത്. ഇതും ഒരു പെണ്‍കുഞ്ഞായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ വീണ്ടും ഗര്‍ഭിണിയാവാന്‍ പ്രേരിപ്പിച്ചേനെ എന്നും ആളുകള്‍ കുറ്റപ്പെടുത്തി.
നാല് തവണ അവൾ എനിക്കുവേണ്ടി കുഞ്ഞുങ്ങൾക്കായി കഷ്ടപ്പെട്ടു അതിനാലാണ് ഞാനവൾക്ക് മുന്നിൽ മുട്ടുകുത്തിയത്, അതൊരു സാധാരണ കാര്യമാണ് എന്നാണ് വിമർശനങ്ങൾക്കുള്ള മറുപടിയായി ഇയാൾ പറഞ്ഞത്. തന്റെ ത്യാഗത്തിനുള്ള ഭർത്താവിന്റെ സ്വാഭാവികമായ പ്രതികരണമാണ് ആ മുട്ടുകുത്തൽ എന്നാണ് ഭാര്യയും പറയുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിൽ ഇപ്പോഴും വിമർശനങ്ങൾ അടങ്ങിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 8, 2024, 12:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]