
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമകള്‍ എപ്പോഴും ഒപ്പം കൊണ്ടുവരാറുള്ള ഒരു കൗതുകമുണ്ട്. എത്രത്തോളം രേഖപ്പെടുത്തപ്പെട്ട വിവരങ്ങളാണെങ്കിലും സിനിമയെന്ന മാധ്യമത്തിലൂടെ അത് കണ്ടറിയാനുള്ള താല്പര്യം കാണികള്ക്കുണ്ടാവുമെന്നതാണ് അതിന് കാരണം. വെറും സ്ഥിതിവിവരക്കണക്കുകള്‍ അല്ലാതെ ഉള്‍പ്പെട്ട മനുഷ്യരുടേതായ വൈകാരികതലം കൊണ്ടുവരാനാവും എന്നതും സിനിമയുടെ മേന്മയാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി മലയാളത്തില്‍ സമീപകാലത്ത് ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ തുടര്‍ച്ചയാണ് തങ്കമണി. പേര് സൂചിപ്പിക്കുന്നതുപോലെ 1986 ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന പൊലീസ് നരനായാട്ട് ആണ് ചിത്രത്തിന്റെ പ്രമേയം.
കട്ടപ്പന- തങ്കമണി റൂട്ടില്‍ ഓടിയിരുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാര്‍ക്കും തങ്കമണിക്കാരായ കോളെജ് വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ആരംഭിച്ച തര്‍ക്കവും സംഘര്‍ഷവും എങ്ങനെയാണ് ഒരു നാടും പൊലീസ് സംവിധാനവും തമ്മിലുള്ള സംഘര്‍ഷമായി മാറിയതെന്ന് ചിത്രം കാട്ടിത്തരുന്നു. യഥാര്‍ഥ സംഭവവികാസങ്ങളെ ഏറെക്കുറെ പിന്തുടര്ന്ന് എന്നാല്‍ ഫിക്ഷന്റെ സാധ്യതകളും ഉപയോഗപ്പെടുത്തി സിനിമാറ്റിക് ആയാണ് രതീഷ് രഘുനന്ദന് സിനിമ ഒരുക്കിയിരിക്കുന്നത്. രതീഷിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. നേരത്തെ ഉടല് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് രഘുനന്ദന്.
ആബേല്‍ ജോഷ്വ മാത്തന് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സംഘര്‍ഷങ്ങളിലൊന്നും ഉള്‍പ്പെടാതെ, എന്നാല്‍ പൊലീസ് നടപടികളില്‍ ഇരകളാക്കപ്പെട്ടവരുടെ പ്രതിനിധിയാണ് ഈ കഥാപാത്രം. ഗള്‍ഫില്‍ നിന്ന് ലീവില്‍ നാട്ടിലെത്തി ഒരു മാസം കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ വിചാരിച്ചെത്തുന്ന ആബേലിന് മുന്നില്‍ കാലം കാത്തുവച്ചത് തികച്ചും അപ്രതീക്ഷിതമായ മറ്റ് ചിലതായിരുന്നു. അതിനെ അയാള്‍ക്ക് ജീവിതം കൊണ്ട് പ്രതിരോധിക്കാനാവുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തങ്കമണി എന്ന സിനിമ.
ഒരേ പാറ്റേണില്‍ നടക്കുന്ന ചില കൊലപാതകങ്ങളുടെ പൊലീസ് അന്വേഷണങ്ങളില്‍ നിന്ന് കൗതുകകരമായ തുടക്കമാണ് ചിത്രത്തിന്റേത്. പിന്നീട് പതുക്കെ തങ്കമണിയിലേക്കും അവിടുത്തെ എണ്പതുകളിലേക്കും രതീഷ് രഘുനന്ദന് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഭയാനകമായത് എന്തോ സംഭവിക്കാനിരിക്കുന്നുവെന്ന തോന്നല്‍ തുടക്കം മുതല്‍ സൃഷ്ടിക്കുന്നുണ്ട് സംവിധായകന്. ചുരുങ്ങിയ സമയം കൊണ്ട് കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്യുന്നതില്‍ സംവിധായകന് വിജയിക്കാനായതിനാലാണ് പിന്നീട് നടക്കുന്ന സംഭവങ്ങളില്‍ വൈകാരികമായ അനുഭവം പകരാനും അദ്ദേഹത്തിന് കഴിയുന്നത്. പറയുന്ന ഗൗരവമുള്ള കഥയില്‍ നിന്ന് അനാവശ്യ സബ് പ്ലോട്ടുകളിലേക്ക് പോയി നേരം കളയുന്നില്ല എന്നതാണ് ചിത്രത്തിന്റെ തിരക്കഥയിലെ പ്ലസ്.
മനു ജഗത് ആണ് ചിത്രത്തിന്റെ കലാസംവിധാനം. എണ്‍പതുകളിലെ ഹൈറേഞ്ചിലേക്ക് പ്രേക്ഷകരെ വിശ്വസനീയമായി എത്തിക്കുന്നതില്‍ സംവിധായകനെ ഏറ്റവും സഹായിച്ചിട്ടുള്ളത് മനു ജഗത് ആണ്. മുന്‍പ് ദിലീപ് അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് തങ്കമണിയിലെ ആബേല്‍ ജോഷ്വ മാത്തന്. വേറെ ജീവിത പദ്ധതികളുണ്ടായിരുന്ന, എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങളാല്‍ ആഴത്തില്‍ സ്വാധീനിക്കപ്പെടുന്ന ഈ കഥാപാത്രം ഒരു അഭിനേതാവിന് എളുപ്പത്തില്‍ അവതരിപ്പിച്ച് പോവാന്‍ കഴിയുന്ന ഒന്നല്ല. അങ്ങനെയുള്ള ആബേലിനെ ദിലീപ് നന്നായി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്. നീത പിള്ളയും പ്രണിത സുഭാഷുമാണ് ചിത്രത്തിലെ നായികമാര്‍. നീതയും ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. മനോജ് കെ ജയന്, കോട്ടയം രമേശ്, ജോണ്‍ വിജയ്, സമ്പത്ത് റാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കാസ്റ്റിംഗ്.
മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഹൈറേഞ്ചില്‍ ഒരു പഴയ കാലത്ത് നടന്ന യഥാര്‍ഥ സംഭവകഥയെ ബിഗ് സ്ക്രീനില്‍ വിശ്വസനീയമാക്കിയതില്‍ എടുത്തുപറയേണ്ട പേരാണ് മനോജ് പിള്ളയുടേത്. വില്യം ഫ്രാന്‍സിസിന്റെ സംഗീതം ചിത്രത്തിന്റെ സവിശേഷമായ മൂഡ് ഉടനീളം നിലനിര്‍ത്താന്‍ സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ നാല് പേരാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. രാജശേഖര്‍, സുപ്രീം സുന്ദര്‍, മാഫിയ ശശി, സ്റ്റണ്‍ ശിവ എന്നിവര്‍. രണ്ടര മണിക്കൂര്‍ സമയം കൊണ്ട് മലയാളി മറക്കാത്ത ഒരു യഥാര്‍ഥ സംഭവത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് രതീഷ് രഘുനന്ദന്. ആ രണ്ടര മണിക്കൂര്‍ വൃഥാവിലാവില്ല എന്നതാണ് സംവിധായകന്റെ വിജയം.
Last Updated Mar 7, 2024, 3:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]