
ഉറുമ്പുകൾ തിനിഞ്ഞിറങ്ങിയാൽ എന്തു സംഭവിക്കും? എന്തും സംഭവിക്കാമെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്നും സുഖ്ചെയിൻ പറയുന്നത്. സ്വന്തം വീട്ടിൽ നിന്നും തന്നെ ചിലപ്പോൾ പുറത്തായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അക്ഷരാർത്ഥത്തിൽ അത്തരമൊരു അവസ്ഥയിലാണ് മധ്യപ്രദേശിലെ ജബൽപൂരിലെ സുഖ്ചെയിന്റെ കുടുംബം. രണ്ട് വർഷത്തോളമായി ഉറുമ്പുകളുടെ കൂട്ട ആക്രമണമാണ് ഇവരെ സ്വന്തം വീട് തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിൽ എത്തിച്ചത്.
ജബൽപൂരിലെ ഷാഹ്പുരയിലെ ഖൈരി ഗ്രാമത്തിലാണ് നാട്ടുകാരെ മുഴുവൻ അമ്പരപ്പിച്ച സംഭവം. ഈ ഗ്രാമത്തിലെ സുഖ്ചെയിൻ എന്നയാളുടെ വീടാണ് ഉറുമ്പുകൾ കയ്യേറിയത്. ഭാര്യയും 9 ഉം 7 ഉം വയസ്സുള്ള രണ്ട് മക്കളും അടങ്ങുന്നതാണ് സുഖ്ചെയിന്റെ കുടുംബം. ഇവരുടെ വീട്ടിൽ രണ്ട് വർഷം മുൻപാണ് ആദ്യമായി ഉറുമ്പുകൾ കൂട്ടമായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കടിച്ചാൽ അതികഠിനമായി വേദനയെടുക്കുന്ന കറുത്ത നിറമുള്ള വലിയ ഉറുമ്പുകൾ ആയിരുന്നു കയ്യേറ്റക്കാർ. അവയുടെ ആക്രമണത്തിന് പലപ്പോഴും ഇരകളാകുന്നത് തന്റെ കുഞ്ഞുങ്ങൾ ആയിരുന്നുവെന്നാണ് സുഖ്ചെയിൻ പറയുന്നത്.
എന്ത് മരുന്ന് അടിച്ചിട്ടും ഉറുമ്പുകള്‍ വീടൊഴിയാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ തന്റെ വീട്ടില്‍ പ്രേതശല്യമാണെന്ന് സുഖ്ചെയിൻ കരുതി. ഏത് സീസണായാലും അത് വേനലായാലും മഴക്കാലമായാലും ശൈത്യകാലമായാലും ഉറുമ്പുകൾ വർഷം മുഴുവനും വീടിനുള്ളിൽ കയറി ഇറങ്ങിക്കൊണ്ടിരുന്നു. ഉറുമ്പുകളെ വീട്ടിൽ നിന്ന് ഓടിക്കാൻ സുഖ്ചെയിൻ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. ഒടുവിൽ, രണ്ട് വര്‍ഷത്തെ ദുരിത ജീവിതത്തിന് ശേഷം തന്റെ ഗ്രാമത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന് ഒരു കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നു. ഉറുമ്പുകളെ ഭയന്ന് സ്വന്തം വീടു തന്നെ അദ്ദേഹം പൊളിച്ചു നീക്കി. വർഷങ്ങളോളം അധ്വാനിച്ച് നിർമ്മിച്ച ഒരു ചെറിയ മൺ വീട്ടിലാണ് സുഖ്ചെയിൻ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. അതേസമയം ഗ്രാമത്തിൽ മറ്റൊരു വീട്ടിലും ഇത്തമൊരു അനുഭവം ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉറുമ്പുകളുടെ എണ്ണം അനുദിനം വർദ്ധിച്ചു വന്നതോടെയാണ് അവയെ പേടിച്ച് വീട് പൊളിക്കേണ്ട അവസ്ഥയിലേക്ക് ഇദ്ദേഹം എത്തിയത്.
Last Updated Mar 6, 2024, 3:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]