

തിരുവനന്തപുരം: ഭാരത് അരിക്ക് ലഭിക്കുന്ന സ്വീകാര്യതയെ മറികടക്കാൻ കെ-അരിയുമായി സംസ്ഥാന സർക്കാർ. ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിലാണ് കെ-റൈസ് ബ്രാൻഡിൽ അരി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. റേഷൻ കാർഡ് ഉടമകൾക്ക് ഒരുമാസം 5 കിലോ കെ- അരിയാണ് ലഭിക്കുക.
‘കെ- റൈസ് ബ്രാൻഡിൽ ജയ, കുറുവ, മട്ട അരി ഇനങ്ങളാണ് വിതരണം ചെയ്യുക. ജയ-29, കുറുവ-30, മട്ട-30 എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് ജയ, കോട്ടയം, എറണാകുളം മേഖലയിൽ മട്ട, പാലക്കാട്, കോഴിക്കോട് മേഖലകളിൽ കുറുവ അരി ഇനങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
കെ റൈസ് എന്നെഴുതിയ തുണിസഞ്ചി വഴിയാകും അരി വിതരണം നടക്കുക. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 29 രൂപയ്ക്കാണ് ഭാരത് അരി ജനങ്ങൾക്ക് ലഭ്യമാകുന്നത്. ജനസമ്മതി ലഭിക്കുന്ന രീതിയിൽ കുറഞ്ഞ വില നിശ്ചയിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ നിർദ്ദേശം.