
തൊടുപുഴ-ആശുപത്രിയില്‍നിന്ന് ബലമായി മൃതദേഹം എടുത്തുകൊണ്ടുപോയി നഗരത്തില്‍ പ്രദര്‍ശിപ്പിച്ചത് വോട്ടുതേടിയുള്ള യുഡിഎഫിന്റെ ഇടപെടലാണെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമന്. ഇത്തരം ദൗര്‍ഭാഗ്യകരമായ സന്ദര്‍ഭങ്ങളെ വോട്ടിന് വേണ്ടി ഉപയോഗിക്കുന്ന ഹീന തന്ത്രമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഇവരെ ശവംതീനി കഴുകന്മാര് എന്നുവേണ്ടേ പറയാന്‍ ? മരണത്തെ എന്തിനാണ് രാഷ്ട്രീയമാക്കുന്നത്. വോട്ടിന് വേണ്ടി മൃതദേഹം മോഷ്ടിച്ചുകൊണ്ടുപോകാന് പാടുണ്ടോ?
വനം-വന്യജീവി സംരക്ഷണ നിയമത്തിനുള്ളില്നിന്നുകൊണ്ട് കാട്ടാനകളെ വെടിവെച്ചുകൊല്ലാനാവില്ല. നിയമത്തില്‍ കാലാനുസൃത മാറ്റം വരുത്തണം. നിയമം വനത്തിനുള്ളില്‍ത്തന്നെ നില്‍ക്കണം. ഈ പ്രശ്നത്തില്‍ ലോക്സഭയില്‍ ഡീന്‍ കുര്യാക്കോസ് എടുത്ത നിലപാടെന്താണ്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ കിട്ടുന്നതെന്തും ഉപയോഗിച്ച് എല്‍ഡിഎഫിനെ കൈകാര്യം ചെയ്യാമെന്നാണ് ഇവര്‍ ധരിക്കുന്നത്. ജനം ഇതെല്ലാം തിരിച്ചറിയും.
മൂന്നാറില്‍ കൊല്ലപ്പെട്ട സുരേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനുള്ള ചെക്ക് എംപിയും എംഎല്‍എയും ചേര്‍ന്നാണ് കൈമാറിയത്. അതിന് ശേഷം എംപി നിരാഹാരമിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്കണ്ടല്ലെങ്കില് പിന്നെയെന്താണിത്. വന്യജീവി ആക്രമണം ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ചിന്നക്കനാലില്‍ ഏലത്തോട്ട തൊഴിലാളി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഈ സംഭവം പറയാന്‍ പാര്‍ലമെന്റില്‍ ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം പോലും ഡീന്‍ കുര്യാക്കോസ് എംപി കൊണ്ടുവന്നില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ മനപൂര്‍വം ആനയെ ഇറക്കിവിട്ട് ജനങ്ങളെ കൊല്ലുകയാണെന്ന തരത്തിലുള്ള പ്രചാരണമാണ് ഇവിടെ നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ രാജ്യത്ത് കാട്ടാനകളുടെ ആക്രമണത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാരും പ്രത്യേകിച്ച് വനംവകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. മരണം ഉണ്ടായശേഷം പിന്നാലെ ചെല്ലാതെ അത് സംഭവിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. വനം മന്ത്രി പങ്കെടുക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ഇനിയൊരു മരണം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ചര്‍ച്ചചെയ്യും. അതിന് രാഷ്ട്രീയാതീതമായി എല്ലാവരും യോജിക്കണം. എന്നാല്‍ സംസ്ഥാന സര്‍ക്കാരാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്. ശക്തിവേല്‍ അടക്കം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ള എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് തുല്യമായ നഷ്ടപരിഹാരം നല്‍കണമെന്നും മന്ത്രിയോട് ആവശ്യപ്പെടും.വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, റെജി കുന്നംകോട്ട്, ടി ആര് സോമന് എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]