
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് മലയാളത്തിലെ അത്ഭുത ഹിറ്റായി മാറുകയാണ്. 12 ദിവസത്തില്‍ ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ എന്ന നിലയിലേക്ക് ചിത്രം കടക്കുകയാണ്. മലയാളത്തില്‍ കളക്ഷനിലൂടെ ഇതുവരെ 3 ചിത്രങ്ങള്‍ മാത്രമാണ് നൂറുകോടി കടന്നിട്ടുള്ളത്. അതിലേക്കാണ് മഞ്ഞുമ്മല്‍ ബോയ്സും എത്തുന്നത്. അതേ സമയം തന്നെ ചിത്രം മറ്റൊരു നേട്ടവും കൈവരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആദ്യമായി ഒരു മലയാള ചിത്രം ആഭ്യന്തര ബോക്സോഫീസില്‍ 50 കോടി കടക്കുകയാണ്. ട്രാക്കിംഗ് സൈറ്റ് സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം 12 ദിവസത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് 51.45 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. ആദ്യ ആഴ്ചയില്‍ മഞ്ഞുമ്മലിന്റെ ആഭ്യന്തര കളക്ഷന്‍ 26.35 കോടിയായിരുന്നു. രണ്ടാം വാരം നാല് ദിവസത്തില്‍ തന്നെ ഇവിടെ നിന്നും 50 കോടിയിലേക്ക് ചിത്രം എത്തി.
മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ പ്രേമലുവാണ് മഞ്ഞുമ്മലിന് അടുത്തുള്ളത്. 42.95 കോടിയാണ് 25 ദിവസത്തില്‍ പ്രേമലുവിന്റെ കളക്ഷന്‍. എന്നാല്‍ മാര്‍ച്ച് 8ന് തെലുങ്ക് പതിപ്പ് ഇറങ്ങിയാല്‍ ചിലപ്പോള്‍ പ്രേമലുവും 50 കോടി കടന്നേക്കാം.
കേരള ബോക്സോഫീസിന് പുറമേ തമിഴ് ബോക്സോഫീസിലും മികച്ച പ്രതികരണം ഉണ്ടാക്കിയതോടെയാണ് വെറും 12 ദിവസത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ ഈ നേട്ടം മഞ്ഞുമ്മല്‍ ബോയ്സ് കടന്നത്. നേരത്തെ കഴിഞ്ഞ വര്‍ഷം 2018 ചിത്രമാണ് ആഭ്യന്തര ബോക്സോഫീസില്‍ 50 കോടി കടന്ന മലയാള ചിത്രം. എല്ലാ ഭാഷ പതിപ്പുകളും കൂടി 92.85 കോടി 2018 ഇന്ത്യന്‍ ബോക്സോഫീസില്‍ നേടി. ഇതില്‍ 83.31 കോടി മലയാളം പതിപ്പില്‍ നിന്നായിരുന്നു.
അതേ സമയം മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍. അത്രയേറെ വിശ്വസനീയമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്ചായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്.
ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്സുമായി എത്തിയപ്പോള്‍ പ്രതീക്ഷള്‍ തെറ്റിയില്ല. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്സ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]