
കോഴിക്കോട്: ആരും തുള്ളിപ്പോകുന്ന ഹൈ ആമ്പിയര്‍ ഓഡിയോ സിസ്റ്റം, ഡി.ജെ റൊട്ടേറ്റിംഗ് ലേസര്‍ ലൈറ്റ്, കളര്‍ ലൈറ്റ്, പുക പറത്തുന്ന സ്മോക്കേഴ്സ് ഇതൊന്നു പോരാഞ്ഞ് ആര്‍ക്കും തുറക്കാന്‍ പറ്റാത്ത തരത്തില്‍ ഒരുക്കിയ എമര്‍ജന്‍സി എക്സിറ്റ് സംവിധാനവും. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ടൂറിസ്റ്റുകളുമായി കോഴിക്കോട് ബീച്ചിലെത്തിയ ബസിന്റെ ഫിറ്റ്നസ് ഒടുവില്‍ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ റദ്ദാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്‍ഫോഴസ്മെന്റ് കമ്മീഷണറേറ്റില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയ ടൂറിസ്റ്റ് ബസുകളെ സംബന്ധിച്ച നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ KL 03 Y 930 എന്ന നമ്പറിലുള്ള വി വണ്‍ എന്ന ബസാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. വടക്കാഞ്ചേരിയില്‍ വിനോദ യാത്രാസംഘം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി നിരവധി ഉത്തരവുകള്‍ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിരുന്നു. അമിതമായ ശബ്ദ സംവിധാനവും ലൈറ്റുകളും ഉള്‍പ്പെടെ ഘടിപ്പിക്കുന്നതിന് നിരോധനവും ഏര്‍പ്പെടുത്തി. എന്നാല്‍ ഇതെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു ഈ ബസ് സര്‍വീസ് നടത്തിയിരുന്നത്.
മലപ്പുറം മേലാറ്റൂര്‍ സ്വദേശിയാണ് ബസ്സിന്റെ ഉടമ. നിലമ്പൂര്‍ സബ് ആര്.ടി.ഒ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ വാഹനം നിലമ്പൂരില്‍ നിന്നും ടൂറിസ്റ്റുകളുമായാണ് കോഴിക്കോട് എത്തിയത്. യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ 25 കി.മീ വേഗപരിധി പാലിച്ചുകൊണ്ട് ഇവരെ തിരിച്ചെത്തിക്കാനും അടുത്ത ദിവസം മുതൽ ഓട്ടം നിര്‍ത്തിവെക്കാനും ഉദ്യോഗസ്ഥര്‍ ഉത്തരവിടുകയായിരുന്നു.
ടൂര്‍ ഓപറേറ്റര്‍മാര്‍ വീണ്ടും പഴയതുപോലെ തന്നെ ബസ്സുകള്‍ അനധികൃതമായി രൂപം മാറ്റം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് എന്‍ഫോഴസ്മെന്റ് ആര്.ടി.ഒ ബി. ഷഫീഖ് പറഞ്ഞു. കോഴിക്കോട് സിറ്റി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് എം.വി.ഐ ഷെറിന് ന്യൂമാന്‍, എ.എം.വി.ഐ മുനീര്‍ എം.പി എന്നിവരുടെ നേതൃത്വത്തിലാണ് ബസ് കസ്റ്റഡിയിലെടുത്തത്.
Last Updated Mar 5, 2024, 10:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]