
ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം ഇപ്പോള്‍ ബോക്സോഫീസില്‍ തകര്‍ത്തോടുകയാണ്. 100 കോടി ക്ലബിലേക്ക് ചിത്രം എത്തിക്കഴിഞ്ഞു. കേരളത്തിന് പുറമേ തമിഴ്മാട്ടിലും ചിത്രം മികച്ച കളക്ഷന്‍ നേടിയതോടെയാണ് ചിത്രം 12 ദിവസത്തില്‍ ബോക്സോഫീസില്‍ 100 കോടി എന്ന നേട്ടത്തിലേക്ക് എത്തിയത്. ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം ഇതിനകം 50 കോടി കടന്നു. ഈ നേട്ടം കൈവരിക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സാണ്.
തമിഴ്നാട്ടില്‍ ഒരു മലയാള ചിത്രത്തിന് ഇതുവരെ ലഭിക്കാത്ത സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. കമല്ഹാസന് അഭിനയിച്ച് 1991 ല്‍ പുറത്തുവന്ന ഗുണ എന്ന ചിത്രത്തിന്റെ റഫറന്‍സുകളാണ് തമിഴ്നാട്ടില്‍ ചിത്രം കയറി ഹിറ്റടിച്ചതിന് കാരണം എന്ന് വിലയിരുത്താം. കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്.
2006 ല്‍ കൊടെക്കനാലില്‍ ടൂറുപോയ എറണാകുളം മഞ്ഞുമ്മലിലെ പതിനൊന്ന് അംഗ സംഘത്തിന് നേരിടേണ്ടിവന്ന അനുഭവമാണ് ചിത്രമായി ചിദംബരം ഒരുക്കിയിരിക്കുന്നത്. അതിന് പാശ്ചത്തലമായത് ഡെവിള്‍സ് കിച്ചണ്‍ എന്ന് അറിയപ്പെട്ടിരുന്ന ഗുണകേവും. 1991 ല്‍ പുറത്തുവന്ന ഗുണ ചിത്രീകരിച്ചതോടെയാണ് കൊടെക്കനാലിലെ ഡെവിള്‍സ് കിച്ചണ്‍ എന്ന ഗുഹയ്ക്ക് ഗുണ കേവ് എന്ന പേര് വന്നത്.
സന്താന ഭാരതിയാണ് ഗുണ സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ ക്യാമറമാന് ആയിരുന്ന മലയാളി വേണു എന്നാല്‍ എല്ലാം കമല്‍ഹാസന്റെ പ്രൊജക്ടായിരുന്നു എന്ന് പറയുന്നുണ്ട്. 1991 നവംബര്‍ 5ന് ദീപാവലി റിലീസായാണ് ഗുണ പുറത്തിറങ്ങിയത്. മികച്ച നിരൂപക പ്രശംസ പിടിച്ചുപറ്റിയെങ്കിലും ചിത്രം ബോക്സോഫീസില്‍ പരാജയം ആയിരുന്നു. അന്ന് ചിത്രത്തിന്റെ പരീക്ഷണ സ്വഭാവമാണ് ദീപാവലി പോലെ ഒരു ഉത്സവ സീസണില്‍ ഇറങ്ങിയ ചിത്രത്തെ ബോക്സോഫീസില്‍ പരാജയപ്പെടുത്തിയത് എന്ന് ഒരു വാദമുണ്ട്.
എന്നാല്‍ ഗുണയ്ക്കൊപ്പം അന്ന് റിലീസായ ചിത്രം ദളപതി ആയിരുന്നു. മണിരത്നം സംവിധാനം ചെയ്ത് രജനികാന്തും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം. ജിവി വെങ്കിടേഷ് നിര്‍മ്മിച്ച ചിത്രം അന്ന് 3 കോടി ബജറ്റില്‍ എടുത്ത ചിത്രമായിരുന്നു. അത് അന്ന് തകര്‍ത്തോടിയ ചിത്രത്തിന് മുന്പില് ഗുണയ്ക്ക് പിടിച്ച് നില്ക്കാനായില്ല.
എന്തായാലും കാലത്തിനപ്പുറം ഗുണ ഒരു കള്‍ട്ട് ക്ലാസിക്കായി മാറുകയാണ് ഉണ്ടായത്. ഏറ്റവും അവസാനം മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലൂടെ ഗുണ ഒരു രണ്ടാംവരവ് നടത്തുകയാണ് എന്നും പറയാം. ഗുണ റീറിലീസ് സംബന്ധിച്ച് ഗൗരവമായ ആലോചനയും കമല്‍ഹാസന്റെ സംഘം നടത്തുന്നു എന്നാണ് വിവരം.
Last Updated Mar 5, 2024, 8:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]