
മൈസൂരു: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന തൊഴിലാളികളുടെ വീഡിയോ പുറത്ത്. കര്‍ണാടകയിലെ ഹാസന് ജില്ലയിലെ കെസഗുളി ഗ്രാമത്തിലെ ഒരു തോട്ടത്തിലാണ് കാട്ടാന ഇറങ്ങിയത്. തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ടുപേര്‍ക്ക് നേരെ ആന പാഞ്ഞടുക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന രണ്ടു തൊഴിലാളികളുടെ സമീപത്തേക്കാണ് കാട്ടാന പാഞ്ഞു വന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. ആനയെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരില്‍ ഒരാള്‍ ആനയുടെ തൊട്ടു മുന്നില്‍പ്പെട്ടെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ സമീപത്തെ വീട്ടിലേക്ക് ഓടി കയറാന്‍ ശ്രമിച്ചെങ്കിലും പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെ മുറ്റത്ത് പാര്‍ക്ക് ചെയ്ത കാറിന്റെ അടിയിലേക്ക് കയറുന്നതും വീഡിയോയില്‍ കാണാം.
അതേസമയം, വന്യമൃഗ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് മനുഷ്യര്‍ മരിച്ചുവീഴുന്നത് കേരളത്തില്‍ പതിവാകുന്നു. 2 മാസത്തിനിടെ കേരളത്തിലെ ഇടുക്കിയിലും വയനാട്ടിലുമായി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത് 8 പേരാണ്. ഇടുക്കിയില്‍ രണ്ടു മാസത്തിനിടെ കാട്ടാന കൊന്നത് 5 പേരെയാണ്. ജനുവരി എട്ടിന് മൂന്നാര്‍ പന്നിയാര്‍ എസ്റ്റേറ്റിലെ പരിമളം, ജനുവരി 23ന് മൂന്നാര്‍ തെന്മലയിലെ പാല്‍രാജ്, ജനുവരി 26ന് മൂന്നാര്‍ ചിന്നക്കനാല്‍ സ്വദേശിയായ സൗന്ദര് രാജന്, ഫെബ്രുവരി 26ന് മൂന്നാര്‍ കന്നിമലയിലെ സുരേഷ് കുമാര്‍, മാര്‍ച്ച് നാലിന് കോതമംഗലം സ്വദേശിനിയായ ഇന്ദിര, വയനാട്ടില്‍ കൊല്ലപ്പെട്ടത് 3 പേരാണ. ജനുവരി 31ന് മാനന്തവാടി തോല്‍പ്പെട്ടി നരിക്കല്ല് സ്വദേശിയായ ലക്ഷ്മണന്, ഫെബ്രുവരി 10ന് മാനന്തവാടി പടമല സ്വദേശിയായ അജീഷ്, ഫെബ്രുവരി 16ന് പനമരം പാക്കം സ്വദേശിയായ പോള്‍, കുറുവാ ദ്വീപിലെ ജീവനക്കാരനായിരുന്നു പോള്‍.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും വിതരണം ചെയ്യുന്നതില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. പരിമളത്തിന്റെ ബന്ധുക്കള്‍ക്ക് ഇതുവരെ നല്‍കിയത് അഞ്ചര ലക്ഷം രൂപയാണ്. കന്നില സ്വദേശി സുരേഷ് കുമാറിന് ഒരു ദിവസത്തിനുള്ളില്‍ 10 ലക്ഷം രൂപ നല്കാന് സര്‍ക്കാരിന് സാധിച്ചു. ബിഎല്‍റാം സ്വദേശി സൗന്ദര് രാജന് ഇതുവരെ നല്‍കിയത് രണ്ടര ലക്ഷം രൂപയാണ്. തെന്മല സ്വദേശി പാല്‍രാജിന്റെ ബന്ധുക്കള്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കാനായിട്ടില്ല. ബന്ധുത്വ രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് സര്‍ക്കാര്‍ ഇതിന് കാരണമായി കാണിക്കുന്നത്.
Last Updated Mar 5, 2024, 1:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]