
ദുബൈ: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുകയാണ് എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ സംരംഭങ്ങൾ. ഗൾഫ് രാജ്യങ്ങളിലെ വിവിധ മേഖലകൾക്കും കേരളത്തിലെയും ഇന്ത്യയിലേയും മാളുകൾക്കും പുറമേ ഓസ്ട്രേലിയൻ മണ്ണിലും ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം തുടങ്ങുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലുലു മാളുകളുടെ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ഓസ്ട്രേലിയയിലെ പുതിയ സംരംഭത്തിനും ലുലു ഗ്രൂപ്പ് തുടക്കമിടുന്നത്.
ഓസ്ട്രേലിയയിൽ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രമാണ് ലുലു ഗ്രൂപ്പ് തുടങ്ങുക. മെൽബൺ നഗരത്തിലാകും വിസ്മയകരമായ പദ്ധതിക്ക് തുടക്കിടുക. 24 ഏക്കർ വിശാലമായ സ്ഥലത്താകും ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുറക്കുകയെന്ന് കഴിഞ്ഞ ദിവസമാണ് യൂസഫലി പ്രഖ്യാപിച്ചത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളു.
ദുബൈൽ ഗൾഫുഡ് മേളയിൽ വെച്ചായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഓസ്ട്രേലിയൻ സംരംഭത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഓസ്ട്രേലിയൻ ട്രേഡ് കമ്മീഷണർ ടോഡ് മില്ലറടക്കമുള്ള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു യൂസഫലിയുടെ പ്രഖ്യാപനം. ലോക ബ്രാൻഡുകളോടു കിടപിടിക്കുന്ന ഉൽപ്പന്നങ്ങൾ സ്വന്തമായി പുറത്തിറക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രത്തിനുള്ള കരാറിലും ലുലു ഗ്രൂപ്പ് ഒപ്പിട്ടുകഴിഞ്ഞു. മെൽബണിലെ വിക്ടോറിയ സ്റ്റേറ്റിൽ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുടങ്ങാനുള്ള ധാരണാപത്രത്തിൽ ട്രേഡ് കമ്മീഷണറും ലുലു ഗ്രൂപ്പ് പ്രതിനിധികളുമാണ് ഒപ്പുവെച്ചത്. ഭക്ഷ്യസംസ്കരണത്തിന് പുറമെ ലോജിസ്റ്റിക്സ് സെന്റര്‍ കൂടിയായി ഇത് പ്രവര്‍ത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. 24 ഏക്കർ സ്ഥലം പദ്ധതിക്കായി അനുവദിക്കുകയും അവിടെ കെട്ടിട നിർമാണം പുരോഗമിക്കുകയുമാണെന്നും ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. മെൽബണിലെ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രത്തിനുള്ള ബിൽഡിംഗ് രണ്ട് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്നാണ് എം എ യൂസഫലി വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയെങ്കിൽ 2024 മേയ് മാസത്തിൽ ഓസ്ട്രേലിയൻ പദ്ധതി ഉദ്ഘാടനം യാഥാർത്ഥ്യമാകുമെന്നും യൂസഫലി വിവരിച്ചു.
Last Updated Mar 1, 2024, 12:23 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]