
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റിന് മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങിയ കളിയിലെ താരമായ യുവതാരം ധ്രുവ് ജുറെലിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ എം എസ് ധോണിയുടെ പിന്‍ഗാമിയാവാന്‍ എല്ലാ യോഗ്യതയുമുണ്ടെന്ന് മുന്‍ നായകന് അനില്‍ കുംബ്ലെ. കാര്‍ അപകടത്തില്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന റിഷഭ് പന്ത് മടങ്ങിയെത്തിയാല്‍ പോലും ജുറെല്‍ തന്നൊകും ധോണിയുടെ പിന്‍ഗാമിയെന്നും അനില്‍ കുംബ്ലെ ജിയോ സിനിമയിലെ ടോക് ഷോയില്‍ പറഞ്ഞു. നേരത്തെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കറും ജുറെലിനെ ധോണിയുടെ പിന്‍ഗാമിയെന്ന് പറഞ്ഞിരുന്നു.
റിഷഭ് പന്ത് ടെസ്റ്റ് ടീമിലേക്ക് വൈകാതെ തിരിച്ചുവരുമെന്നാണ് കരുതുന്നത്. അദ്ദേഹം എത്രയും വേഗം തിരിച്ചുവരട്ടെ. പന്ത് തിരിച്ചെത്തിയാലും ജുറെല്‍ തന്നെയാകും ധോണിയുടെ പന്‍ഗാമിയെന്നാണ് ഞാന്‍ കരുതുന്നത്. അതിന് കാരണം, നാലാം ടെസ്റ്റില്‍ വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ അവന് പുറത്തെടുത്ത പ്രകടനം തന്നെ. ജുറെലിന്റെ ബാറ്റിംഗ് ടെക്നിക്കോ ഡിഫന്‍സോ മാത്രമല്ല, ധോണിയോട് ഉപമിക്കാന്‍ കാരണം, വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ ഇന്നിംഗ്സിനെ സമീപിച്ച രീതിയാണ്. ഏത് സമയത്ത് ഏത് ബൗളറെ ആക്രമിക്കണമെന്ന കാര്യത്തില്‍ അവന് വളരേയേറെ വ്യക്തതയുണ്ട്. എപ്പോള്‍ വമ്പന്‍ ഷോട്ട് കളിക്കണമെന്നും.
അതുപോലെതന്നെയായിരുന്നു വിക്കറ്റിന് പിന്നിലെ അവന്റെ പ്രകടനവും അസാമാന്യമായിരുന്നു. പ്രത്യേകിച്ച് പേസ് ബൗളര്‍മാരുടെ പന്തുകള്‍ കീപ്പ് ചെയ്യുമ്പോള്‍. സ്പിന്നര്‍മാര്‍ക്കെതിരെയും അവന് ചില മികച്ച ക്യാച്ചുകളെടുത്തു. വരും മത്സരങ്ങളില്‍ ഇനിയും അവന് മെച്ചപ്പെടും. ഇത് അവന്റെ രണ്ടാം ടെസ്റ്റ് മാത്രമാണ്. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്തോറം അവന് കൂടുതല്‍ മികവിലേക്ക് ഉയരുമെന്നും അനില്‍ കുംബ്ലെ പറഞ്ഞു. കെ എസ് ഭരതിന് പകരം ധ്രുവ് ജുറെലിന് അവസരം നല്‍കാനുള്ള സെലക്ടര്‍മാരുടെ തീരുമാനത്തെയും കുംബ്ലെ അഭിനന്ദിച്ചു. അത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും അനില്‍ കുംബ്ലെ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]