
കൊച്ചി: ബിജെപി നേതാവ് അഡ്വക്കറ്റ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വധശിക്ഷക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി മാർച്ച് 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
അതേസമയം, പ്രതികളുടെ വധശിക്ഷ ശരിവെക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നടപടി തുടങ്ങി. വധശിക്ഷക്ക് വിധിച്ച 15 പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചാണ് 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രൺജീത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ വിധിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയർന്നിരുന്നു. ഇതേ തുടര്‍ന്ന് ജഡ്ജി വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്.
Last Updated Feb 28, 2024, 12:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]