
കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം സിനിമയുടെ വെബ്സൈറ്റ് ലോഞ്ച് പ്രശസ്ത സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ നിർവഹിച്ചു. ‘ആടുജീവിതം’ ഒരു തരത്തിൽ മ്യൂസിക് കമ്പോസറുടേത് കൂടിയാണെന്നും ബ്ലെസിക്കും ടീമിനൊപ്പവും വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എ. ആർ. റഹ്മാൻ പറഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം മാർച്ച് 28-ന് തിയേറ്ററുകളിലെത്തും. ഒരു എഴുത്തുകാരനെന്ന നിലയിൽ തന്റെ കഥ എത്തരത്തിലാകും ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന ആശങ്കയുണ്ടായിരുന്നെന്നും എന്നാൽ സിനിമ കണ്ടതിനുശേഷം പൂർണ്ണ സന്തോഷവാനാണെന്നും ആടുജീവിതത്തിന്റെ എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു.
സിനിമയ്ക്ക് പിന്നിലെ അണിയറ പ്രവർത്തകരുടെ ശ്രമങ്ങൾ പ്രേക്ഷകർ അറിയണമെന്നുള്ളതുകൊണ്ടാണ് ഒരു വെബ്സൈറ്റ് ലോഞ്ച് ചെയ്തതെന്നും ആടുജീവിതത്തിന്റെ പൂർത്തീകരണത്തിന് ശേഷം ആദ്യമായിട്ടാണ് മാധ്യമങ്ങളെ കാണുന്നതെന്നും സംവിധായകൻ ബ്ലെസി പറഞ്ഞു. ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് മാർച്ച് പത്തിന് നടത്തും.
നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008-ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]