
കൊച്ചി: ടിപി ചന്ദ്രശേഖരൻ വധകേസിൽ പ്രതികള്‍ക്ക് ജീവപര്യന്തമടക്കമുള്ള ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾക്ക് ജയിൽ ശിക്ഷയ്ക്കൊപ്പം ഹൈക്കോടതി കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. ടി പിയുടെ ഭാര്യ കെ കെ രമക്കും മകനും പ്രതികൾ പിഴ നൽകണമെന്നാണ് കോടതി വിധിച്ചത്. കെ കെ രമയ്ക്ക് ഏഴര ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പിഴയായി പ്രതികൾ നൽകണം. ഇരുവർക്കുമായി മൊത്തം പന്ത്രണ്ടര ലക്ഷം രൂപയാണ് പ്രതികൾ നൽകേണ്ടത്.
അതേസമയം ടി പി കൊലക്കേസിൽ വധശിക്ഷ ഒഴിവാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. ആറാം പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം ആറു മാസം കൂടി തടവ് കൂടി ഹൈക്കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. വിചാരണക്കോടതി വിധിച്ച ഇവരുടെ ജീവപര്യന്തം ശിക്ഷാകാലയളവ് ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി.
ടി പി കൊലപാതക ഗൂഢാലോചനയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി പുതുതായി കണ്ടെത്തിയ പത്താം പ്രതി കെ കെ കൃഷ്ണൻ (മുന്‍ ഒഞ്ചിയം ഏരിയ കമ്മിറ്റി), 12 -ാം പ്രതി ജ്യോതി ബാബു (കുന്നോത്ത് പറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി) എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ഇരുവര്‍ക്കും പരോളിനായി അപേക്ഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എം സി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍ കെ സുനില്‍ കുമാര്‍ (കൊടി സുനി), ടി കെ രജീഷ്, എം കെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണൻ സിജിത്ത്), കെ ഷിനോജ്, ഗൂഢാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെ സി രാമചന്ദ്രൻ, 11 -ാം പ്രതി മനോജൻ (ട്രൗസര്‍ മനോജ്), 18 -ാം പ്രതി പി വി റഫീഖ് (വാഴപ്പടച്ചി റഫീഖ്, കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇന്ന് വിധിച്ചത്.
Last Updated Feb 27, 2024, 5:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]