
കൊച്ചി: ‘ആടുജീവിത’ത്തെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കാൻ സംഗീതസംവിധായകന് എ.ആർ. റഹ്മാന് എത്തിയത് വലിയ കാര്യമാണെന്ന് സംവിധായകൻ ബ്ലെസി. ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന മലയാളചിത്രം ‘ആടുജീവിത’ത്തിന്റെ വെബ്സൈറ്റ് എ.ആർ. റഹ്മാന് ലോഞ്ച് ചെയ്തതിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സംവിധായകൻ.
“ഇത്തരത്തിലൊരു വെബ്സൈറ്റ് മലയാള സിനിമയില്‍ വളരെ അപൂര്‍വമായി സംഭവിക്കുന്നതാണെന്ന് തോന്നുന്നു. എന്തുകൊണ്ട് ഒരു വെബ്സൈറ്റ് എന്ന് പലരും ചോദിക്കുന്നു. സിനിമയുടെ പിന്നിലെ പ്രവര്‍ത്തനങ്ങളും അണിയറ പ്രവര്‍ത്തകരും മറ്റും ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ചും മറ്റും കൂടുതലായി ലോകം അറിയണം എന്നതിനാലാണ് അത്. വെബ്സൈറ്റിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍ ഈ വെബ്സൈറ്റില്‍ നിങ്ങള്‍ പ്രഭാതത്തില്‍ കാണുന്ന മസറയും മരുഭൂമിയും മറ്റും ആയിരിക്കില്ല ഉച്ചയ്ക്ക് കാണുമ്പോള്‍. വൈകുന്നേരം സായാഹ്നത്തിന്റെ വെളിച്ചത്തിലും രാത്രിയില്‍ ഇരുട്ടിന്റെ അകമ്പടിയോടെയും ആയിരിക്കും ഇവ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. ഇത്തരമൊരു വെബ്സൈറ്റ് അപൂര്‍വമാണ് എന്നാണ് ഞാന്‍ കരുതുന്നത്, അത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാന്‍ റഹ്മാന് സര് ഇവിടെ എത്തി എന്നത് വളരെ വലിയ കാര്യമാണ്.” – ബ്ലെസി പറഞ്ഞു.
“‘യോദ്ധ’യ്ക്കുശേഷമുള്ള എന്റെ മലയാളസിനിമയാണ് ഇത്. ഇതിനിടെ ഫഹദ് ഫാസിലിന്റെ ഒരു കൊച്ചുചിത്രവും ഞാന്‍ ചെയ്തു. പക്ഷേ ‘ആടുജീവിതം’ ഒരു തരത്തില്‍ ഒരു സംഗീതസംവിധായകന്റെ സിനിമയാണ്. വിവിധ വികാരങ്ങള്‍ സംഗീതത്തിലൂടെ ചിത്രത്തില്‍ കാണിക്കേണ്ടതായുണ്ട്. ബ്ലെസ്സി മലയാളത്തില്‍ മറ്റൊരു ‘ലോറന്‍സ് ഓഫ് അറേബ്യ’ ആണ് ഒരുക്കിയിരിക്കുന്നത്. ‘ആടുജീവിത’ത്തിന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്. ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.” എ.ആർ. റഹ്മാന് പറഞ്ഞു.
സംവിധായകന് ബ്ലെസ്സി, രചയിതാവ് ബെന്യാമിന്, അസോസിയേറ്റ് പ്രൊഡ്യൂസര്‍ കെ.സി. ഈപ്പന് തുടങ്ങിയവരും വെബ്സൈറ്റ് ലോഞ്ചിൽ പങ്കെടുത്തു. മാര്‍ച്ച് 10-ന് ‘ആടുജീവിത’ത്തിന്റെ മ്യൂസിക് ലോഞ്ച് നടത്തും. മാര്‍ച്ച് 28-ന് ചിത്രം തിയേറ്ററുകളിലെത്തും.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ‘ആടുജീവിതം’. ഓസ്കാർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. 2008-ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ‘ആടുജീവിതം’ വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]