
മുംബൈ: പരീക്ഷണകാലം കഴിഞ്ഞ് സീറ്റ് വിഭജനം പൂർത്തീകരിക്കുകയാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡി സഖ്യം. പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞു പോക്കിനിടയിലും വിജയ പ്രതീക്ഷ കൈവിടാതെ പ്രവർത്തിക്കുന്നുണ്ട് പ്രതിപക്ഷ നിര. സീറ്റ് വിഭജനത്തിന്റെ അവസാന ലാപ്പിൽ സഖ്യത്തിലെ വിലപേശൽ ശക്തിയായി മാറുകയാണ് പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ അഗാഡി.
2018 ൽ മാത്രം മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഇടം പിടിച്ചൊരു പാർട്ടി. ആറു വർഷങ്ങൾക്കിപ്പുറം സംസ്ഥാനത്തെ 40 മണ്ഡലങ്ങളുടെ ഗതിവിഗതികളെ നിർണയിക്കാൻ ശേഷിയുളള വഞ്ചിത് ബഹുജൻ അഗാഡി. തെറ്റിയും തെറിച്ചും കിടന്ന റിപബ്ളിക്കൻ പാർട്ടികളെയും ദളിത് പ്രസ്ഥാനങ്ങളെയും ചേർത്ത് പ്രകാശ് അംബേദ്ക്കർ നയിക്കുന്ന വിബിഎ. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി സഖ്യസാധ്യത തേടിയെങ്കിലും ധാരണയായില്ല.
പിന്നാലെ ഒവൈസിയോടൊപ്പം മത്സരത്തിനിറങ്ങി. ന്യൂനപക്ഷ – ദളിത് വോട്ടുകൾ കോണ്‍ഗ്രസിൽ നിന്നും അടർത്തുവാനിറങ്ങിയ ബിജെപിയുടെ ബി ടീമെന്ന വിമർശനമുയർന്നു. മജ്ലിസ് പാർട്ടി ഒരു സീറ്റു നേടിയെങ്കിലും. അകോളയിലും സോലാപുരിലും മത്സരിച്ച പ്രകാശ് അംബേദ്ക്കർ തോറ്റു. തെരഞ്ഞെടുപ്പിൽ 7 ശതമാനം വോട്ടിലേക്ക് വിബിഎ വളർന്നു. പത്തിലധികം സീറ്റുകളിൽ കോൺണ്ഗ്രസ് – എൻസിപി സ്ഥാനാർത്ഥികളുടെ പരാജയത്തിലും വിബിഎ വോട്ടുകൾ നിർണായകമായി. 2024 ൽ മഹാ വികാസ് അഗാഡി സംഖ്യത്തിനൊപ്പമുണ്ട് വിബിഎ. സഖ്യത്തിലെ സീറ്റു വിഭനത്തിൽ വിലപേശൽ ശക്തിയാണിന്ന് പാർട്ടി.
48 മണ്ഡലങ്ങളുളള മഹാരാഷ്ട്രയിൽ 38 ഇടങ്ങളിൽ മൂന്നാമതാണ് വിബിഎ. പാൽഘറിലും അകോലയിലും രണ്ടാം സ്ഥാനത്തും. സംസ്ഥാനത്തെ 11 ശതമാനത്തിലധികം വരുന്ന ദളിത് വോട്ടുകളിൽ പാർട്ടിയുടെ മേൽക്കൈ പ്രകടമാണ്. മഹാ വികാസ് അഘാഡിയിൽ പ്രകാശ് അംബേദ്ക്കർ സമർപ്പിച്ച കോമണ്‍ മിനിമം പ്രോഗാമിലും ധാരണയായിട്ടില്ല. നാലു പാർട്ടികൾക്കും 12 സീറ്റു വീതം എന്നതാണ് മറ്റൊരു നിർദേശം. 40 സീറ്റുകളിൽ ധാരണയായ സഖ്യത്തിൽ എട്ടു സീറ്റുകളിലേക്കാണ് വിബിഎ അടക്കമുളള പാർട്ടികളെ പരിഗണിക്കുന്നത്.
വിജയസാധ്യതയുളള ഒരു മണ്ഡലമടക്കം ആറു സീറ്റുകൾ വഞ്ചിത് ബഹുജൻ അഗാഡിയ്ക്ക് നൽകുമെന്നാണ് സൂചന. പ്രകാശ് അംബേദ്ക്കറെ നിയമസഭയിൽ സുരക്ഷിത സീറ്റിലേക്ക് പരിഗണിക്കാനും നിർദേശമുണ്ട്. മാർച്ച് ആദ്യ വാരത്തോടെ സഖ്യത്തിലെ സീറ്റു വിഭജനം പ്രഖ്യാപിക്കും. വഞ്ചിത് ബഹുജൻ അഗാഡിയെ ചേർത്തു പിടിക്കുക വഴി നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യം വയ്ക്കുന്നുണ്ട് പ്രതിപക്ഷ സഖ്യം.
Last Updated Feb 27, 2024, 3:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]