
അപകടങ്ങളും പരിക്കുകളും കുറയ്ക്കുന്നതിന് പാസഞ്ചർ ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആഗോള റോഡ് സുരക്ഷാ സംഘടനയായ ഇൻ്റർനാഷണൽ റോഡ് ഫെഡറേഷൻ (ഐആർഎഫ്) റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തോട് (എംഒആർടിഎച്ച്) ആവശ്യപ്പെട്ടു.
പാസഞ്ചർ ബസ് അപകടങ്ങളിൽപ്പെട്ട് നിരവധി യാത്രികരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന ആവശ്യം ഐആർഎഫ് മുന്നോട്ട് വച്ചത്. ബസുകളിൽ അടിയന്തരമായി സീറ്റ് ബെൽറ്റ് നൽകേണ്ടതുണ്ടെന്നും അത് നിർബന്ധമാക്കണമെന്നും ഐആർഎഫ് പ്രസിഡൻ്റ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.
നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്ന ഹൃദയഭേദകമായ യാത്രാ ബസ് അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവരിൽ പലരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നുവെന്നും ഐആർഎഫ് പറയുന്നു. മറ്റു രാജ്യങ്ങളിലുള്ള ഹെവി വാഹനങ്ങളിൽ ഇത്തരം സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ഇത്തരം വാഹനങ്ങളുടെ അപകടം മൂലമുണ്ടാകുന്ന മരണങ്ങൾ കുറവാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രനിയമപ്രകാരം ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് 2023 മുതൽ ജൂൺ മാസം മുതൽ ഹെവി വാഹനങ്ങളിലെ ഡ്രൈവറും സഹായിയും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് കേന്ദ്രം പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. പാസഞ്ചർ ബസ്, സ്കൂൾ ബസ് തുടങ്ങിയ ഹെവി വാഹനങ്ങളിലും ഇത്തരത്തിൽ സീറ്റ് ബെൽട്ട് നിർബന്ധമാക്കുകയാണെങ്കിൽ അപകടത്തിന്റെ നിരക്ക് കുറയുമെന്നാണ് ഐആർഎഫ് നൽകിയ കത്തിൽ പറയുന്നത്.
ബസുകൾ പോലുള്ള പൊതുഗതാഗതത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതിനാൽ വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതായി ഇൻ്റർനാഷണൽ റോഡ് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.
Last Updated Feb 25, 2024, 9:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]