
റിയാദ്- ക്ലബ് ഫുട്ബോളിൽ 750 ഗോൾ തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡൊ. സൗദി പ്രോ ലീഗിൽ ശബാബിനെതിരായ മത്സരത്തിലാണ് പോർച്ചുഗീസ് താരത്തിന്റെ ചരിത്ര നേട്ടം. ബ്രസീലിയൻ താരം ടാലിസ്കയുടെ ഇരട്ട ഗോൾ മികവിൽ മത്സരം അന്നസ്ർ 3-2ന് ജയിച്ചു. റിയാദിലെ അൽശബാബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചിരുന്നു.
21ാം മിനിറ്റിൽ പെനാൽറ്റി കിക്കിൽനിന്ന് റൊണാൾഡോയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടുന്നത്. ബോക്സിൽ ശബാബ് താരം ഇയാഗോ സാന്റോസിന്റെ കയ്യിൽ പന്ത് തട്ടിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഷോട്ട് തടയാൻ ശബാബ് ഗോളി മുഹമ്മദ് അൽ അബ്സി കൃത്യമായി ചാടിയെങ്കിലും പന്ത് വലയിലേക്ക് ഊളിയിട്ടു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ യാനിക് കരാസ്കോ, ശബാബിന്റെ സമനില ഗോൾ നേടി. അതും പെനാൽറ്റിയിൽനിന്നായിരുന്നു. ശബാബിന്റെ കാർലോസ് ജൂനിയറിനെ, നസ്ർ താരം ലാപോർട്ടെ ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി. നസ്ർ കളിക്കാർ പ്രതിഷേധിച്ചെങ്കിലും വാർ പരിശോധനക്കുശേഷം റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ടാലിസ്കയിലൂടെ നസ്ർ വീണ്ടും മുന്നിലെത്തി. ഒട്ടാവിയോയുടെ മനോഹരമായ പാസ് കിട്ടിയപാടെ ടാലിസ്ക വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. അൽ അബ്സി തടയാൻ ശ്രമിച്ചെങ്കിലും കയ്യിൽ തട്ടി പന്ത് വലയിലെത്തി.
ഗോൾ മടക്കാൻ നിരന്തര ആക്രമണം നടത്തിയ ശബാബ് 67ാം മിനിറ്റിൽ കാർലോസ് ജൂനിയറിലൂടെ ലക്ഷ്യം കണ്ടു. വലതുഭാഗത്തുനിന്ന് വന്ന കോർണർ കിക്ക് കാർലോസ് ജൂനിയർ കൃത്യമായി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 87ാം മിനിറ്റിൽ പന്തുമായി ഒറ്റക്ക് മുന്നേറിയ ടാലിക്സ നസ് റിന്റെ വിജയഗോൾ നേടി.
ഈ വിജയത്തോടെ 21 കളികളിൽനിന്ന് 52 പോയന്റുമായി നസ്ർ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 20 കളികളിൽനിന്ന് 56 പോയന്റുള്ള ഹിലാലാണ് ലീഗിൽ ഒന്നാമത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]