

17 വര്‍ഷത്തെ കാത്തിരിപ്പ്; തൊട്ടടുത്ത് ഇരുന്നിട്ടും പരസ്പരം തിരിച്ചറിയാനാകാതെ അച്ഛനും മകനും ! ഇത് സിനിമാക്കഥകളെ വെല്ലും ട്വിസ്റ്റ് ; അവിശ്വസനീയ ജീവിതകഥ
സ്വന്തം ലേഖകൻ
കോഴിക്കോട്: 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നില്‍ നിന്നും അകന്നുപോയ ആ മകന് അവിചാരിതമായി തനിക്ക് സമീപത്തായി ഇരുന്നിട്ടും ആ പിതാവിന് തിരിച്ചറിയാനായില്ല. കരുതല്‍ സ്പര്‍ശമേകാന്‍ ഈ ലോകത്ത് തനിക്കായി അവശേഷിക്കുന്ന ഏക മനുഷ്യനാണ് അടുത്ത കസേരയില്‍ ഇരിക്കുന്നതെന്ന് ആ പതിനേഴുകാരനും മനസ്സിലായില്ല. കോഴിക്കോട് വെള്ളിമാടുകുന്നിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത്.
ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് കുട്ടിയുടെ പിതാവും കടിയങ്ങാട് സ്വദേശിയായ മാതാവും തമ്മില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരുമിച്ചത്. എന്നാല്‍ കുട്ടി ജനിച്ച് രണ്ട് വര്‍ഷത്തിന് ശേഷം യുവതി മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ കുട്ടിയെ കൈവശപ്പെടുത്തി പിതാവില്‍ നിന്നും അകറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വെള്ളിമാടുകുന്നുള്ള ബോയ്സ് ഹോമില്‍ എത്തിച്ച് കുട്ടിയുടെ മാതാവ് മരിച്ചുപോയെന്നും പിതാവ് ഉപേക്ഷിച്ചെന്നും വിശ്വസിപ്പിച്ച് ഇവിടെ താമസിപ്പിക്കുകയായിരുന്നു. പിന്നീട് പാരമ്പര്യ സ്വത്തിലുള്ള കുട്ടിയുടെ അവകാശം തിരിച്ചറിഞ്ഞ ഇവര്‍ ഏഴ് കൊല്ലത്തിന് ശേഷം ഇവിടെയെത്തി കുട്ടിയെ തിരിച്ചുകൊണ്ടു പോയി. പിന്നീട് 14ാം വയസ്സില്‍ കുട്ടിയെ നോക്കാനുള്ള ശേഷിയില്ലെന്ന് പറഞ്ഞ് വീണ്ടും ഇവിടെ തന്നെ കൊണ്ടു ചെന്നാക്കി.
ബന്ധുക്കളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയപ്പോള്‍ കുട്ടിക്ക് അവകാശമുള്ള സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് അറിവ് ലഭിച്ചു. ഇതിനിടയില്‍ വീണ്ടുമെത്തിയ ബന്ധുക്കള്‍ കുട്ടിയെ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തവണ സി.ഡബ്ല്യു.സി അധികൃതര്‍ ഒരു നിബന്ധന കൂടി വെച്ചു. മറ്റ് ബന്ധുക്കള്‍ ആരെങ്കിലും എത്തിയാല്‍ വിട്ടുകൊടുക്കണമെന്ന വ്യവസ്ഥയിലാണ് ഇത്തവണ കുട്ടിയെ ഇവര്‍ക്കൊപ്പം വിട്ടത്.
അതേസമയം തന്നെ കുട്ടിയുടെ പിതാവിനെ കണ്ടെത്താനുള്ള അന്വേഷണവും അധികൃതര്‍ രഹസ്യമായി ആരംഭിച്ചിരുന്നു. ഇതിനായി പോലീസിന്റെ സഹായവും തേടി. അന്വേഷണം നടത്തിയ പോലീസ് സംഘം മുക്കം ടൗണിനടുത്ത് താമസിക്കുന്ന ഒരു കരാറുകാരനാണ് കുട്ടിയുടെ പിതാവെന്ന് ഏകദേശം ഉറപ്പിച്ചിരുന്നു.
ഇയാളില്‍ നിന്ന് കുട്ടിയുടെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റുകളും വിവാഹ സര്‍ട്ടിഫിക്കറ്റുകളും പോലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചിരുന്നില്ല. തന്റെ മകനെ കണ്ടെത്താന്‍ സഹായിക്കുമോ എന്ന് ഈ ഘട്ടത്തില്‍ പിതാവ് പോലീസിനോട് ചോദിച്ചിരുന്നു.
സി.ഡബ്ല്യു.സി അധികൃതര്‍ കുട്ടിയുടെ പിതാവില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനായി ഇയാളെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഈ സമയം തന്നെയാണ് അമ്മയുടെ ബന്ധുക്കളുടെ വീട് വിട്ടിറങ്ങിയ കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പോലീസ് സംഘം കണ്ടെത്തി ഇവിടേക്ക് എത്തിച്ചത്. പിതാവും മകനും ഏതാനും കസേരകള്‍ക്കപ്പുറത്ത് ഇരുന്നിട്ടും പരസ്പരം തിരിച്ചറിയാനായില്ല.
സി.ഡബ്ല്യു.സി അധികൃതര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതിനിടയിലാണ് തനിക്ക് സമീപം ഇരിക്കുന്ന കുട്ടി തന്റെ സ്വന്തം ചോര തന്നെയാണെന്ന് ആ അച്ഛന് തിരിച്ചറിഞ്ഞത്. ഇനിയും നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ കുറച്ചുകൂടി സമയമെടുത്ത ശേഷമേ ഇവര്‍ക്ക് ഒരുമിക്കാനാകൂ. അവിശ്വസനീയമാണെങ്കിലും 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകനെ മുഖാമുഖം കാണാനെങ്കിലും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ പിതാവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]