
“ചിത്രപ്പുഴയുടെയും കടമ്പ്രയാറിന്റെയും ഇടയിലാണ് ബ്രഹ്മപുരം. പ്ലാൻ്റിലെ മാലിന്യങ്ങൾ ഒലിച്ചിറങ്ങിയിരുന്നത് ഈ പുഴകളിലേക്കായിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് പരിസരവാസികൾ അത്രമേൽ വലിയൊരു പാരിസ്ഥിതിക മുറിവിൻ്റെ കഥ പറഞ്ഞത്…” അനിൽ തോമസ് സംസാരിച്ചു തുടങ്ങുമ്പോൾത്തന്നെ ‘ഇതുവരെ’ എന്ന സിനിമയുടെ കഥയും അത് സമൂഹത്തിൽ വരച്ചിടുന്ന അടയാളങ്ങളും തെളിഞ്ഞു തുടങ്ങിയിരുന്നു.
കഴിഞ്ഞവർഷം കൊച്ചി നഗരത്തെ ആകെ ഭീതിയിലാഴ്ത്തിയ ബ്രഹ്മപുരം മാലിന്യപ്ലാൻ്റും അവിടത്തെ പ്രശ്നങ്ങളും പ്രമേയമാക്കിയാണ് അനിൽ തോമസ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. കൊൽക്കത്ത അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രീമിയർ ആയി പ്രദർശിപ്പിച്ച സിനിമ, കർണാടക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാർഡും സ്വന്തമാക്കിയിരുന്നു. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച് അനിൽ ഒരുക്കിയ ഈ സിനിമ മുന്നോട്ടുവെക്കുന്ന പാരിസ്ഥിതികാവബോധം അത്രമേൽ വലുതാണ്.
പ്രതിഷേധത്തിന്റെ അടയാളം
‘പ്രതിഷേധത്തിൻ്റെ ചെറിയൊരു അടയാളം, ഒപ്പം കലാകാരനെന്ന നിലയിൽ സമൂഹത്തോടുള്ള ഉത്തരവാദിത്വവും…’ കലാഭവൻ ഷാജോൺ ‘ഇതുവരെ’ എന്ന സിനിമയെ വരച്ചിടുന്നത് അങ്ങനെയാണ്.
“ബ്രഹ്മപുരം വിഷയം സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കേണ്ട വിഷയം തന്നെയാണെന്നതിൽ ഒരു സംശയവുമില്ല. ആദ്യമൊക്കെ ഈ പ്രശ്ന ത്തിന്റെ ആഴം എനിക്കറിയില്ലായിരുന്നു. പക്ഷേ, അനിൽ തോമസ് ഉൾപ്പെടെയുള്ളവർ അനുഭവിച്ച കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്കും പ്രശ്നത്തിന്റെ ആഴം മനസ്സിലായി. ബ്രഹ്മപുരം വിഷയത്തെപ്പറ്റി വന്നിട്ടുള്ള ഡോക്യുമെൻ്ററികൾ ഉൾപ്പെടെയുള്ളവ കണ്ടാണ് ഞാൻ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ അഭിനയ സാധ്യതയുള്ളതും വിഷയത്തിന്റെ ആഴമുള്ളതുമായ കഥാപാത്രമാണ് വിക്രമൻ നായർ.
സമൂഹത്തെ ഏറെ ആഴത്തിൽ ബാധിക്കുന്ന വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ കാണിക്കുന്ന നിസ്സംഗതയോടെയുള്ള പ്രതിഷേധവും അതേസമയംതന്നെ കലാകാരൻ എന്ന നിലയിൽ സമൂഹത്തോടു കാണിക്കേണ്ട ഉത്തരവാദിത്വവുമാണ് എന്നെ ഈ സിനിമയിലെത്തിച്ചത്” കലാഭവൻ ഷാജോൺ വിക്രമനായ കഥ പറഞ്ഞു.
മാലിന്യംകൊണ്ടേറ്റ മുറിവുകൾ
കൊച്ചിയെ ഭീതിയിലാഴ്ത്തിയ ബ്രഹ്മപുരം തീപ്പിടിത്തത്തിന് ഒരു വർഷം തികയുന്ന വേളയിലാണ് ‘ഇതുവരെ’ എന്ന സിനിമ തിയേറ്ററുകളിലേ ക്കെത്തുന്നത്. എന്നാൽ, വർഷങ്ങളായി ഇവിടെ പുകഞ്ഞുനിൽക്കുന്ന ബ്രഹ്മപുരം വിഷയത്തിലുള്ള ഈ സിനിമയുടെ ആലോചന തുടങ്ങുന്നത് കോവിഡ് കാലത്താണ്.
“ഈരാറ്റുപേട്ട സ്വദേശിയായ ഞാൻ 2016 മുതൽ കൊച്ചി നഗരത്തിൽ താമസിക്കുകയാണ്. ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലെ തീപ്പിടിത്തങ്ങളും അതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളും പലതവണ അനുഭവിച്ച ആളാണ് ഞാൻ. അതുകൊണ്ടു തന്നെയാണ് ഈ വിഷയത്തിൽ ഒരു സിനിമ ചെയ്യണമെന്ന് ഞാൻ വിചാരിച്ചത്.
കോവിഡ് കാലത്താണ് ഈ വിഷയത്തിൽ ഞാൻ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. എനിക്ക് ഏറെ അടുപ്പമുള്ള കലാഭവൻ ഷാജോണിനെയാണ് ഈ സിനിമയിലെ നായകനായ വിക്രമൻ നായർ എന്ന കഥാപാത്രത്തിലേക്ക് ആലോചിച്ചത്. സിനിമയുടെ സാമൂഹിക മൂല്യം മനസ്സിലാക്കിയ ഷാജോൺ സന്തോഷപൂർവം തന്നെ ഈ കഥാപാത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു” – അനിൽ തോമസ് സിനിമ പിറന്ന കഥ പറഞ്ഞു.
ഇങ്ങനെയാണോ കേരളം?
സാക്ഷരതയിലും വികസനത്തിലുമൊക്കെ ഏറെ മുന്നിൽ നിൽക്കുന്ന നാടാണ് കേരളം. എന്നാൽ, മാലിന്യനിർമാർജനത്തിൻ്റെ കാര്യത്തിൽ കേരളം ഇപ്പോഴും ഏറെ പിന്നിലാണെന്ന വലിയ സത്യം അടയാളപ്പെടുത്താനാണ് ഈ സിനിമ ശ്രമിക്കുന്നതെന്നാണ് അനിൽ തോമസ് പറയുന്നത്.
“ഈ സിനിമയുടെ പേരിട്ടതുപോലും ഏറെ ശ്രദ്ധിച്ചാണ്. ഇതുവരെ എന്ന പേരിൽ ഇതുവരെ കുഴപ്പമില്ല എന്നും ഇതുവരെ ശരിയായില്ലേ എന്നും വേ ണമെങ്കിൽ വായിച്ചെടുക്കാം. പോസിറ്റീവും നെഗറ്റീവുമായ രണ്ട് വശങ്ങൾ ഓരോരുത്തർക്കും വ്യാഖ്യാനിച്ചെടുക്കാം. പ്രേം പ്രകാശ്, വിജയകുമാർ, മൻ രാജ്, രാജേഷ് ശർമ, ലതാദാസ്, പീറ്റർ ടൈറ്റസ്, സ്വാതി, നെഹ്രു ഫാത്തിമ തുടങ്ങിയ താരനിരയുമായി എത്തിയ ചിത്രത്തിൽ ഔസേപ്പച്ചനാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിനായി ഔസേപ്പച്ചൻ ഗാനം ആലപിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ സിനിമ വെള്ളിത്തിരയിൽ തെളിയുമ്പോൾ പാരിസ്ഥിതികാവബോധമുള്ള ഓരോരുത്തരും ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്…” സംസാരം നിർത്തി അല്പനേരം മൗനമായിരുന്ന ശേഷം അനിൽ ആ ചോദ്യം ചോദിച്ചു, ‘ഇങ്ങനെയാണോ കേരളം?’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]