
ബെംഗളൂരു: വനിത പ്രീമിയർ ലീഗില്‍ ഇന്നിംഗ്സിലെ അവസാന പന്തില്‍ മലയാളി താരം സജന സജീവന്റെ സിക്സർ ഫിനിഷിംഗില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്ക് 4 വിക്കറ്റിന്റെ വിജയത്തുടക്കം. ഡല്‍ഹി ക്യാപിറ്റല്‍സ് വച്ചുനീട്ടിയ 172 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈക്കായി അവസാന ഓവറില്‍ നേരിട്ട ആദ്യ പന്ത് സിക്സർ പറത്തി സജന വിസ്മയമാവുകയായിരുന്നു. സ്കോർ: ഡല്‍ഹി ക്യാപിറ്റല്‍സ്- 171/5 (20), മുംബൈ ഇന്ത്യന്‍സ്- 173/6 (20). മുംബൈക്കായി യസ്തിക ഭാട്യയും ഹർമന്‍പ്രീത് കൗറും ഫിഫ്റ്റി നേടി. എസ് സജന 1 പന്തില്‍ 6* റണ്‍സുമായി പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ മുംബൈ ഇന്ത്യന്‍സ് വനിതകളുടെ തുടക്കം മോശമായിരുന്നു. സ്കോർ ബോർഡ് തുറക്കും മുമ്പ് ഹെയ്ലി മാത്യൂസ് (2 പന്തില്‍ 0) മരിസാന്‍ കാപ്പിന്റെ പന്തില്‍ മടങ്ങി. നാറ്റ് സൈവർ ബ്രണ്ടിനും (17 പന്തില്‍ 19) കാര്യമായി സംഭാവന ചെയ്യാനായില്ല. ഇതിനകം ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന യസ്തിക ഭാട്യ സിക്സോടെ 35 പന്തില്‍ അർധസെഞ്ചുറി തികച്ചതോടെ മുംബൈ പ്രതീക്ഷയിലായി. അരുന്ധതി റെഡ്ഡിയെ സിക്സർ ശ്രമത്തിനിടെ മരിസാന്‍ കാപ്പിന്റെ ക്യാച്ചില്‍ യസ്തിക പുറത്തായി. യസ്തിക ഭാട്യ 45 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 57 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറും അമേല്യ കേറും ക്രീസില്‍ നില്‍ക്കേ ജയിക്കാന്‍ അവസാന നാല് ഓവറില്‍ ഏഴ് വിക്കറ്റ് കയ്യിലിരിക്കേ 43 റണ്‍സ് വേണമായിരുന്നു.
എന്നാല്‍ അമേല്യ കേറിനെ (18 പന്തില്‍ 24) 18-ാം ഓവറിലെ അവസാന പന്തില്‍ ശിഖ പാണ്ഡെ പറഞ്ഞയച്ചു. 32 പന്തില്‍ സിക്സോടെ ഹർമന് 50 തികച്ചെങ്കിലും അലീസ് ക്യാപ്സിയുടെ അവസാന ഓവറിലെ ആദ്യ പന്തില്‍ പൂജ വസ്ത്രകർ (3 പന്തില്‍ 1) വീണു. അഞ്ചാം പന്തില്‍ ഹർമനും (34 പന്തില്‍ 55) മടങ്ങിയതോടെ ട്വിസ്റ്റ്. എന്നാല്‍ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 5 റണ്‍സ് സിക്സോടെ ഫിനിഷ് ചെയ്ത മലയാളി താരം സജന മുംബൈ ഇന്ത്യന്‍സിന് വിജയത്തുടക്കം സമ്മാനിച്ചു. താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സജന ക്രീസ് വിട്ടിറങ്ങി സിക്സ് പറത്തുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ അലീസ് ക്യാപ്സി വെടിക്കെട്ടില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 171 റണ്‍സെടുക്കുകയായിരുന്നു. ടീം സ്കോർ മൂന്ന് റണ്‍സിനിടെ ഷെഫാലി വർമയെ (8 പന്തില്‍ 1) നഷ്ടമായ ശേഷം വണ്‍ഡൗണായി ക്രീസിലെത്തിയ ഇംഗ്ലീഷ് കൗമാര ബാറ്റർ അലീസ് ക്യാപ്സി 53 പന്തില്‍ 9 ഫോറും 3 സിക്സറും സഹിതം 75 റണ്‍സെടുത്തതാണ് നിർണായകമായത്. 24 പന്തില്‍ 42 റണ്‍സുമായി ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗസും 25 ബോളില്‍ 31 എടുത്ത് മെഗ് ലാന്നിംഗും തിളങ്ങി. മരിസാന്‍ കാപ്പിന്റെ ഫിനിഷിംഗ് (9 പന്തില്‍ 16) ഡല്‍ഹിക്ക് മികച്ച സ്കോര്‍ ഒരുക്കി. 2 പന്തില്‍ 1* റണ്ണുമായി അന്നാബേല്‍ സത്തർലന്‍ഡ് പുറത്താവാതെ നിന്നു.
രണ്ടാം വിക്കറ്റില്‍ മെഗ് ലാന്നിംഗ്-അലീസ് ക്യാപ്സി സഖ്യം 64 ഉം മൂന്നാം വിക്കറ്റില്‍ അലീസ് ക്യാപ്സി-ജെമീമ റോഡ്രിഗസ് സഖ്യം 74 ഉം റണ്‍സ് ചേർത്തതാണ് ഡല്‍ഹിക്ക് തുണയായത്. മുംബൈ വനിതകള്‍ക്കായി
നാറ്റ് സൈവർ ബ്രണ്ടും അമേല്യ കേറും രണ്ട് വീതവും ഷബ്നിം ഇസ്മായില്‍ ഒന്നും വിക്കറ്റ് പേരിലാക്കി.
Last Updated Feb 24, 2024, 12:28 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]