

First Published Feb 24, 2024, 9:41 AM IST
ചെന്നൈ: വമ്പന്‍ വ്യവസായ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കി നേട്ടം കൊയ്യുകയാണ് തമിഴ്നാട്. എം കെ സ്റ്റാലിന് അധികാരമേറ്റശേഷം ഇതുവരെ 8.65 ലക്ഷം കോടിയുടെ നിക്ഷേപമാണ് തമിഴ്നാട്ടിലേക്ക് എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിലൂടെ 30 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ പറയുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന് അധികാരമേറ്റ് 33 മാസങ്ങള്‍ പിന്നിടുമ്പോള്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം 8.65 ലക്ഷം കോടിയുടെ നിക്ഷേപമാണ് തമിഴ്നാട്ടിലേക്ക് എത്തിയിരിക്കുന്നത്. ഇതിലൂടെ 30 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചെന്നും സര്‍ക്കാര്‍ പറയുന്നു. ഇന്ത്യയിലെയും വിദേശത്തെയും നിരവധി കമ്പനികളാണ് നിക്ഷേപവുമായി തമിഴ്നാട്ടിലേക്ക് എത്തിയത്.
നാല് ഘട്ടങ്ങളിലൂടെയാണ് ഡിഎംകെ സര്‍ക്കാര്‍ തമിഴ്നാട്ടിലേക്ക് വ്യവസായത്തിന്റെ വാതില്‍ തുറന്നത്. ആദ്യഘട്ടത്തില്‍ ചെന്നൈ, കോയമ്പത്തൂര്‍, തൂത്തുക്കുടി എന്നിവടങ്ങളിലെ നിക്ഷേപ സംഗമത്തിലൂടെ 1.90 ലക്ഷം കോടിയുടെ നിക്ഷേപം എത്തി. ഇതിലൂടെ 2,80,600 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിച്ചു. രണ്ടാം ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ജപ്പാന്, മിഡില്‍ ഈസ്റ്റ്, സിംഗപ്പൂര്‍, മലേഷ്യ സന്ദര്‍ശനത്തിലൂടെ തമിഴകത്തിലേക്ക് എത്തിച്ചത് 7,441 കോടിയുടെ നിക്ഷേപമാണ്.
മൂന്നാം ഘട്ടത്തില്‍ ജനുവരിയില്‍ ചെന്നൈയില്‍ നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ 6.64 ലക്ഷം കോടിയുടെ വന്‍ നിക്ഷേപമെത്തി. 14,54,712 പേര്‍ക്ക് നേരിട്ടും 12,35,945 പേര്‍ക്ക് നേരിട്ട് അല്ലാതെയും തൊഴിലവസരം സൃഷ്ടിക്കപ്പെട്ടു. ആകെ 26,90,657 പേര്‍ക്കാണ് ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിലൂടെ തൊഴില്‍ അവസരം തുറന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. 50 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളാണ് സംഗമത്തിൽ പങ്കെടുത്തത്.
ഇപ്പോള്‍ പൂര്‍ത്തിയായ എട്ടുദിവസം നീണ്ട സ്റ്റാലിന്റെ സ്പെയിന് സന്ദര്‍ശനത്തില്‍ 3,440 കോടിയുടെ നിക്ഷേപമാണ് കരാറായിരിക്കുന്നത്. 2030 ആകുമ്പോഴേക്കും തമിഴ്നാടിനെ 1 ട്രില്യൻ ഡോളർ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സ്റ്റാലിന് വ്യക്തമാക്കുന്നു. 2023–24 വർഷത്തിൽ തമിഴ്നാടിന്റെ ജിഡിപി 354 ബില്യൻ ഡോളറാണ്.
Last Updated Feb 24, 2024, 9:48 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]