
ദില്ലി: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും. ദില്ലി ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ ഒന്നിച്ച് മത്സരിക്കുമ്പോള്‍ സംസ്ഥാന ഘടകങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചാബില്‍ ഒറ്റക്ക് മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചു. അന്തരിച്ച നേതാവ് അഹമ്മദ് പട്ടേലിന്റെ കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഗുജറാത്തിലെ ഭറൂച്ച് സീറ്റ് ആംആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസ് വിട്ടുകൊടുത്തു.
ഇന്ത്യ സഖ്യത്തിലെ ഭിന്നിപ്പ് സീറ്റ് വിഭജനത്തിലൂടെ മറികടക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം. ദില്ലി, ഹരിയാന, ഗുജറാത്ത്, ചണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളില്‍ ഒന്നിച്ച് നീങ്ങാനാണ് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തീരുമാനിച്ചിരിക്കുന്നത്. ദില്ലിയിലെ 7 മണ്ഡലങ്ങളില്‍ ന്യൂഡല്‍ഹി, ഈസ്റ്റ് , വെസ്റ്റ്, സൗത്ത് സീറ്റുകളില്‍ ആംആ്ദമി പാര്‍ട്ടി മത്സരിക്കും, ചാന്ദ്നി ചൗക്ക്, നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും മത്സരിക്കാനാണ് തീരുമാനം. ഹരിയാനയിലെ 10 സീറ്റിൽ ഒന്‍പതിടത്ത് കോണ്‍ഗ്രസും, കുരുക്ഷേത്ര മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടിയും മത്സരിക്കും.
കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിലെ ഒരു സീറ്റിലും, ഗോവയിലെ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കാനാണ് തീരുമാനം. ഗുജറാത്തിലെ 26 സീറ്റുകളില്‍ ഭറൂച്ച് , ഭാവ്നഗര്‍ മണ്ഡലങ്ങള്‍ ആംആദ്മി പാര്‍ട്ടി നല്കി. അഹമ്മദ് പട്ടേലിന്റെ തട്ടകമായ ഭറൂച്ചിലെ സീറ്റ് വിഭജനത്തിനെതിരെ കടുത്ത പ്രതിഷേധമറിയിച്ച് കുടുംബം രംഗത്തുള്ളപ്പോഴാണ്, അത് അവഗണിച്ച് സീറ്റ് എഎപിക്ക് നല്‍കുന്നത്. സഖ്യത്തെ ജനം സ്വീകരിക്കുമെന്നും പ്രതിഷേധം കണക്കിലെടുക്കുന്നില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി മുകുള്‍ വാസ്നിക് പ്രതികരിച്ചു.
ഭറൂച്ചിൽ കോൺഗ്രസ്-എഎപി സഖ്യ സ്ഥാനാര്‍ത്ഥിക്കെതിരെ അഹമ്മദ് പട്ടേലിന്റെ മകള്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. ദേശീയ നേതൃത്വം ഇടപെട്ട് പഞ്ചാബില്‍ പലകുറി ചര്‍ച്ച നടത്തിയെങ്കിലും കോണ്‍ഗ്രസിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും സംസ്ഥാന ഘടകങ്ങള്‍ വഴങ്ങിയില്ല. ഇതാണ് പഞ്ചാബിൽ ഒറ്റക്ക് മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിക്കാൻ കാരണം.
Last Updated Feb 24, 2024, 2:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]