
തന്റെ ജീവിതത്തിൽ വലിയ പ്രതിസന്ധിയുണ്ടായപ്പോൾ കൂടെനിന്നയാളാണ് നടി. ഒരുപാധികളുമില്ലാതെ മറ്റൊരാളുടെ പ്രശ്നത്തിൽ കൂടെനിൽക്കാൻ വലിയ മനസ് തന്നെവേണം. അത് പിടി.തോമസിന് ഉണ്ടായിരുന്നുവെന്നും ഭാവന വ്യക്തമാക്കി. തൃക്കാക്കര മണ്ഡലത്തിൽ സംഘടിപ്പിച്ച ആശാപ്രവർത്തകർക്ക് ഹൃദയാഭിവാദ്യം എന്ന പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഇതുപോലുള്ള പരിപാടിയിൽ പങ്കെടുത്ത് പോകുന്നതാണ് തനിക്ക് സന്തോഷമെന്ന് ഭാവന പറഞ്ഞു. ഇങ്ങനെയൊരു പരിപാടിയിലേക്ക് ഉമാ തോമസ് വിളിച്ചപ്പോൾ എന്തായാലും പങ്കെടുക്കണമെന്ന് തോന്നി. ഇതിനിടയിൽ പലതവണ പരിപാടിയുടെ ഡേറ്റ് മാറിയെങ്കിലും അതിൽ പങ്കെടുക്കാൻ സാധിച്ചുവെന്നും ഭാവന പറഞ്ഞു.
പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല. എന്റെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായപ്പോൾ എനിക്കൊപ്പം വളരെ ശക്തമായിനിന്ന ഒരാളാണ് അദ്ദേഹം. നമ്മുടെ ജീവിതത്തിൽ ഇതുപോലുള്ള ഒരുപാടുപേരെ കണ്ടുമുട്ടാൻപറ്റില്ല.ഒരുപാധികളുമില്ലാതെ മറ്റൊരാളുടെ പ്രശ്നത്തിൽ കൂടെനിൽക്കാൻ വലിയ മനസ് തന്നെവേണം. എനിക്കും എന്റെ കുടുംബത്തിനും പി.ടി.തോമസ് സാറിനെ ഒരിക്കലും മറക്കാൻപറ്റില്ല. ഈ ചടങ്ങിലേക്ക് ഉമച്ചേച്ചി വിളിക്കുക എന്നുപറഞ്ഞാൽ പി.ടി. തോമസ് സാർ വിളിക്കുന്നതുപോലെതന്നെയാണ്. ഭാവന ചൂണ്ടിക്കാട്ടി.
തിരിച്ചൊന്നും ആഗ്രഹിക്കാതെ നമ്മുടെ നാടിനും സമൂഹത്തിനുംവേണ്ടി ജോലി ചെയ്യുന്നവരാണ് ആശാ വർക്കർമാർ. ചിറകുകളില്ലാത്ത മാലാഖമാരെന്നുവേണം ഇവരെ വിശേഷിപ്പിക്കാനെന്നും ഭാവന കൂട്ടിച്ചേർത്തു. ഹൈബി ഈഡൻ എം.പിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.