

First Published Feb 21, 2024, 7:51 PM IST
കൽപ്പറ്റ: വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് വിദഗ്ധ ചികിത്സ നൽകിയിരുന്നതായി സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടന കെജിഎംസിടിഎ. കഴിഞ്ഞ 16ന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് രാവിലെ 9.40 ഓടെയാണ് പോൾ എന്ന രോഗിയെ അതീവ ഗുരുതരാവസ്ഥയിൽ വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.
പരിശോധനയിൽ രക്തസമ്മർദ്ദവും, ഓക്സിജൻ അളവും കുറവാണെന്ന് വ്യക്തമായി. ആനയുടെ ചവിട്ടേറ്റ് നെഞ്ചിൻകൂട് തകരുകയും വലത് വശത്തെ വാരിയെല്ലുകൾ പൊട്ടുകയും ചെയ്തിരുന്നു. അടിയന്തിര സ്കാനിംഗിൽ, ശ്വാസകോശം മുഴുവനായി തകർന്നതായും, വായുവും രക്തവും കെട്ടി നിൽക്കുന്നതായും കണ്ടെത്തിയ ഉടനെ തന്നെ നെഞ്ചിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി ഇവ നീക്കം ചെയ്തു. അടിയന്തിരമായി 6 യൂണിറ്റ് രക്തവും നൽകി. എന്നിട്ടും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ല.
അനസ്തേഷ്യ, ജനറൽ സർജറി, അസ്ഥിരോഗവിഭാഗം, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ മെഡിക്കൽ ബോര്‍ഡ് കൂടി വിശദപരിശോധന നടത്തുകയും തുടർ ചികിത്സ തീരുമാനിക്കുകയും ചെയ്തു. ആന്തരിക അവയവങ്ങളിൽ കൂടുതൽ രക്തസ്രാവം ഉണ്ടായോ എന്നറിയാൻ സി ടി സ്കാനിംഗിന് വിധേയമാക്കി. ശ്വാസ കോശത്തിലെ പരിക്ക് സാരമായതിനാൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ, കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ തൊറാസിക് സർജറി വിഭാഗവുമായി കൂടിയാലോചിച്ച് വിദഗ്ധ ചികിത്സക്കായി ഐ സി യു. ആമ്പുലൻസിൽ കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. യാത്രയിൽ രോഗീ പരിചരണത്തിനായി സർജറി, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരും സ്റ്റാഫ് നഴ്സും രോഗിക്കൊപ്പം ഉണ്ടായിരുന്നു.
പൂർണ ചികിത്സ മാനന്തവാടിയിൽ നൽകാൻ കഴിയില്ലായിരുന്നെങ്കിലും രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് നേരിട്ട് അയക്കാവുന്ന സ്ഥിതിയിൽ അല്ലായിരുന്നു. രോഗിക്ക് അടിയന്തിര ചികിത്സ നൽകാത്ത പക്ഷം മരണം വരെ സംഭവിക്കുമായിരുന്നു. ഈ താത്കാലിക ചികിത്സ അടിയന്തിരമായി നൽകി ഒട്ടും സമയനഷ്ടം വരാതെയാണ് രോഗിയെ തുടർ ചികിത്സക്ക് അയച്ചിരുന്നത്.
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വന്ന രോഗിക്ക് വൈദ്യശാസ്ത്രം അനുശാസിക്കുന്ന എല്ലാവിധ അടിയന്തിര ചികിത്സയും നൽകിയിട്ടുണ്ട്. ഇത് പോലെ പോളി ട്രോമ (ശരീരത്തിലെ വിവിധ ഭാഗങ്ങൾക്ക് സാരമായ ക്ഷതം ഏൽക്കുന്ന അവസ്ഥ), ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുക , രക്തസമ്മർദ്ദം കുറഞ്ഞു വരുക , റിഫ്രാക്ടറി ഷോക്ക് എന്ന അവസ്ഥയിൽ എത്തുന്ന രോഗികൾക്ക് ഉണ്ടാകുന്ന എആര്‍ഡിഎസ് മരണ സാധ്യത വർദ്ധിപ്പിക്കുന്നു. മികച്ച കേന്ദ്രങ്ങളിൽ പോലും ഇത്തരത്തിലുള്ള രോഗികളുടെ മരണനിരക്ക് വളരെ കൂടുതലാണ്.
ജീവൻ രക്ഷിക്കുക എന്നത് തീർത്തും അസാധ്യമായ സ്ഥിതിയിൽ ആയിരുന്നു രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് പോലെ മാരകമായ രീതിയിൽ പരിക്ക് പറ്റുന്ന രോഗിയെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ പൂർണമായ തോതിൽ വയനാട് ഗവർമെന്റ് മെഡിക്കൽ കോളേജിൽ ഇപ്പോഴില്ല., എന്നിട്ടും ലഭ്യമായ സൗകര്യങ്ങൾ മുഴുവൻ ഉപയോഗിച്ച് നൽകാവുന്ന എല്ലാ മികച്ച ചികിത്സയും രോഗിക്ക് നൽകിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് 19 രോഗികൾ വന്നതിൽ 17 പേരെയും വയനാട് മെഡിക്കൽ കോളേജിൽ ചികിത്സിച്ചു ഭേദമാക്കിയിരുന്നു. രണ്ടുപേരെ മാത്രമാണ് റഫർ ചെയ്യേണ്ടി വന്നത്. വസ്തുതകൾ പരിശോധിക്കാതെ മാധ്യമങ്ങളിൽ തീർത്തും അപകീർത്തികരമായ വാർത്തകളാണ് ആരോഗ്യ പ്രവർത്തകർക്കെതിരെ പ്രചരിക്കുന്നത്. ഇത് ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതെന്ന് സംഘടന അറിയിച്ചു.
പുതിയ മെഡിക്കൽ കോളേജുകൾ ആയ വയനാട്, കാസർകോഡ്, ഇടുക്കി, കോന്നി, കൊല്ലം തുടങ്ങിയ ആശുപത്രികളിൽ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സ്റ്റാഫ് ദൗർലഭ്യവും അധികാരികളെയും സർക്കാരിനെയും നിരവധി തവണ ചൂണ്ടി കാണിച്ചുള്ളതാണ്. മെഡിക്കൽ കോളേജ് ആശുപത്രികൾ പൊതുവെ ത്രിതല സംവിധാനത്തിൽ ടെറിറ്ററി ലെവൽ കെയര്‍ സ്ഥാപനങ്ങൾ ആയാണ് കരുതപ്പെടുന്നതെങ്കിലും, പ്രസ്തുത പുതിയ ആശുപത്രികൾ തീർത്തും ശൈശവ ദശയിലാണ് എന്ന യാഥാർഥ്യവും ഉൾക്കൊള്ളേണ്ടതാണ്.
ഇത്രയും അസൗകര്യങ്ങൾക്ക് ഇടയിലും ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച ചികിത്സയാണ് പ്രസ്തുത രോഗിക്ക് നൽകിയിട്ടുള്ളത്. ഇത്തരം അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ എങ്കിലും യാഥാർഥ്യം ഉൾക്കൊണ്ടു അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകണമെന്ന് സർക്കാരിനോട് അപേക്ഷിക്കുന്നു. പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുകയല്ലാ, മറിച്ച് ഉള്ള സ്ഥാപനങ്ങളിൽ ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട അടിയന്തിര ഇടപെടലുകൾ ആണ് ഉണ്ടാകേണ്ടതെന്നും സംഘടന വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.
Last Updated Feb 21, 2024, 7:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]