
ദില്ലി: മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഛത്തീസ്ഗഢിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി ജെ പി സർക്കാർ. മതപരിവർത്തനത്തിന് കഠിനമായ ശിക്ഷകൾ ഉളപ്പെടുത്തിയ വ്യവസ്ഥകളടക്കമാണ് ബിൽ അവതരിപ്പിക്കുക. മറ്റൊരു മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വ്യക്തി കുറഞ്ഞത് 60 ദിവസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് വ്യക്തിപരമായ വിശദാംശങ്ങൾ അടക്കം പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദിഷ്ട ബില്ലിൽ ആവശ്യപ്പെടുന്നു. തുടർന്ന് മതംമാറ്റത്തിനുള്ള കാരണം പൊലീസ് അന്വേഷിക്കും. മതംമാറ്റം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ 10 വർഷം വരെ തടവ് ശിക്ഷ ബിൽ വ്യവസ്ഥ ചെയ്യുന്നു. പൊലീസിന് ബോധ്യപ്പെട്ടാൽ മാത്രമേ മതംമാറ്റത്തിനുള്ള അനുമതി മജിസ്ട്രേറ്റിന് കൈമാറു. ശേഷം മജിസ്രേറ്റാക്കും അന്തിമ തീരുമാനമെടുക്കുക.
ഛത്തീസ്ഗഢ് നിയമവിരുദ്ധ മതപരിവർത്തന നിരോധന ബില്ലിന്റെ കരട് തയ്യാറായെന്നും നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഭേദഗതികൾക്ക് ഉണ്ടായാക്കേമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അധികാര ദുർവിനിയോഗം, നിർബന്ധം, സ്വാധീനം, പ്രേരണ, വഞ്ചനാപരമായ മാർഗങ്ങൾ, വിവാഹം എന്നിവയിലൂടെയുള്ള മതപരിവർത്തനം നിയമവിരുദ്ധമായി കണക്കാക്കും.
മതംമാറ്റത്തിനുള്ള അപേക്ഷ സമർപ്പിച്ച് 60 ദിവസത്തിനകം വ്യക്തികൾ പരിശോധനയ്ക്കായി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകണം. ഹാജരാകാതെയുള്ള മതംമാറ്റം നിയമവിരുദ്ധമായി കണക്കാക്കും. ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരണ തീയതി വരെ ഓഫീസിന്റെ നോട്ടീസ് ബോർഡിൽ ഡിക്ലറേഷന്റെ പകർപ്പ് പ്രദർശിപ്പിക്കണം. കൂടാതെ ഓരോ മതപരിവർത്തനത്തിന്റെയും റെക്കോർഡ് സൂക്ഷിക്കണമെന്നും ബില്ലിൽ പറയുന്നു.
വ്യക്തിയുടെ മതംമാറ്റത്തെ രക്തബന്ധമുള്ളവരോ ദത്തെടുത്ത വ്യക്തിയോ എതിർക്കുന്ന സാഹചര്യത്തിൽ എഫ് ഐ ആർ ഫയൽ ചെയ്യാം. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസ്. പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീകളെയോ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗത്തിൽപ്പെട്ട വ്യക്തികളെ നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്താൽ രണ്ട് വർഷം മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാം. കൂട്ട മതപരിവർത്തനത്തിന് കുറഞ്ഞത് മൂന്ന് വർഷവും പരമാവധി 10 വർഷവും ശിക്ഷയും 50,000 രൂപ പിഴയും ലഭിക്കും. കൂടാതെ, മതപരിവർത്തനത്തിന് ഇരയായവർക്ക് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരവും നൽകേണ്ടി വരും. എന്നാൽ പഴയ മതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിയമം ബാധകമല്ല.
നേരത്തെ കൊണ്ടഗാവ്, നാരായൺപൂർ തുടങ്ങിയ ജില്ലകളിൽ ക്രിസ്ത്യൻ മതം സ്വീകരിച്ച ആദിവാസികൾക്ക് നേരെ ആക്രമണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മതപരിവർത്തനം ഒരു പ്രധാന ചർച്ചാ വിഷയവുമായി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ബി ജെ പി സർക്കാർ കടുത്ത നിബന്ധനകളുള്ള ബിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]