
ആലപ്പുഴ – ആലപ്പുഴ കലവൂരില്‍ 13 കാരനായ സ്കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത കേസില്‍ ഇടപെട്ട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. സ്കൂള്‍ അധികൃതരെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് കുട്ടിയുടെ വീട് സന്ദര്‍ശിച്ച ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്പേഴ്സന് വസന്തകുമാരി അറിയിച്ചു. സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, ബാലാവകാശ കമ്മീഷന് എന്നിവര്‍ക്കും റിപ്പോര്‍ട്ട് നല്‍കും.
കാട്ടൂരിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥി പ്രജിത് മനോജ് (13) ആണ് കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ വീട്ടില്‍ ജീവനൊടുക്കിയത്. അധ്യാപകരുടെ ശാരീരിക മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് പരാതി. കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു പ്രജിത്ത്. കഴിഞ്ഞ വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയ്യെയും ക്ലാസില്‍ കണ്ടില്ല. ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടര്‍ന്ന് സ്കൂള്‍ മൈക്കില്‍ അനൗണ്‍സ്മെന്റ് നടത്തി. ഉടന്‍ കുട്ടികള്‍ തിരിച്ചെത്തുകയും ചെയ്തു. വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പറഞ്ഞെങ്കിലും അധ്യാപകര്‍ വിശ്വസിച്ചില്ല.
കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരല്‍ കൊണ്ട് പലതവണ തല്ലുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. രേഷ്മ, ഡോളി എന്നീ അധ്യാപകര്‍ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികള്‍ പറയുന്നു. മൂത്ത സഹോദരന് പ്രണവ് സ്കൂളില്‍ നിന്ന് വന്നപ്പോള്‍ പ്രജിത്ത് സ്കൂള്‍ യൂണിഫോമില്‍ വീട്ടില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
