
തിരുവനന്തപുരം: തലസ്ഥാനത്ത് മദ്ധ്യവയസ്കനെ നാലംഗ സംഘം മർദ്ദിച്ചതായി പരാതി. കാട്ടാക്കട, നക്രാംചിറ, സഫാ മൻസിൽ എ സുലൈമാൻ (46) ആണ് കാട്ടാക്കട പോലീസിൽ പരാതി നൽകിത്. കാട്ടാക്കട ചന്തക്ക് സമീപം ഗുരു മന്ദിരത്തിനു മുന്നിൽ വച്ച് നാലംഗസംഘം മർദ്ദിച്ചതായാണ് പരാതി. അക്രമണത്തിൽ കൈ വിരലുകൾക്ക് പൊട്ടലേൽക്കുകയും, തലക്കും, കണ്ണിനും, കഴുത്തിനും പരിക്കേൽക്കുകയും ചെയ്ത സുലൈമാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തെ തുടർന്ന് ബോധരഹിതനായി റോഡിൽ കിടന്ന സുലൈമാനെ കാട്ടാക്കട പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
ആറുമാസത്തിനു മുൻപ് സുലൈമാൻ ഒരു കാർ വാടകയ്ക്ക് എടുത്തിരുന്നു. കാട്ടാക്കട സിഎസ്ഐ പള്ളിക്ക് സമീപം മൊബൈൽ ഷോപ്പ് നടത്തുന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് വാടകയ്ക്ക് എടുത്തത്. പിന്നീട് വാടക ഉൾപ്പെടെ വാഹനം തിരിച്ചു നൽകി. ഒരാഴ്ച ആയപ്പോൾ സീറ്റ് ബെൽറ്റ് ഇടാത്തതിന്റെ പേരിലുള്ള രണ്ട് പെറ്റി ഉണ്ടെന്നു പറഞ്ഞു വാഹന ഉടമ ഫോണിൽ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പെറ്റി അടയ്ക്കുകയും ചെയ്തിരുന്നതായി സുലൈമാൻ പറയുന്നു.
കഴിഞ്ഞ ഒരു വർഷമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന സുലൈമാൻ ഇന്നലെ വൈകിട്ട് 6.30ന് ആണ് വീട്ടിലെത്തിയത്. തുടർന്ന് രാത്രി 9.30ന് മക്കൾക്ക് ഭക്ഷണം വാങ്ങി തിരികെ വരുന്ന വഴി. കാട്ടാക്കട സിഎസ്ഐ ചർച്ച് സമീപം വെച്ച് കാർ ഉടമ എത്തി തടഞ്ഞു നിറുത്തുകയും തുടർന്ന് നാട്ടുകാർ ഇടപെട്ട് സംസാരിച്ചു വിടുകയും ചെയ്തു. രാത്രി 10.30 തോടെ മകൾക്കു സുഖമില്ലാത്തതിനാൽ മരുന്നു വാങ്ങി തിരിച്ചു വരുന്ന വഴി ഗുരു മന്ദിരത്തിന് സമീപം വച്ച് അക്രമി സംഘം വാഹനം തടഞ്ഞു നിറുത്തി.
തുടർന്ന് ഡോർ തുറന്നു പുറത്തിറങ്ങിയ സമയം അവനെ അടിച്ചു കൊല്ലടാ എന്നു പറഞ്ഞു കൊണ്ട് ഇരുമ്പ് കമ്പി കൊണ്ട് പുറം തലയിൽ അടിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ നിലത്തു വീണ തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് സുലൈമാൻ പറഞ്ഞു. ഇതിനിടെ രണ്ട് പേർ ചേർന്ന് തന്റെ പേഴ്സും മുപ്പതിനായിരം രൂപയും കൈക്കലാക്കി എന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കാട്ടാക്കട പോലീസ് എത്തി മൊഴി രേഖപ്പെടുത്തി കേസ് എടുത്തു.
Last Updated Feb 20, 2024, 8:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]