
കോവിഡ്, ലോകത്തെ ശ്മശാനമാക്കിയപ്പോഴാണ് പോളി വര്‍ഗീസ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്. പക്ഷേ, ആത്മഹത്യാ മുനമ്പില്‍നിന്ന് അമരസംഗീതത്തിലേക്കുള്ള യാത്രയായിരുന്നു പിന്നീട്. ”2019-ലാണത്. അമേരിക്കയിലെ സംഗീതജ്ഞരുടെ കൂട്ടായ്മയില്‍ ചേരാനുള്ള എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരിക്കെയാണ് കോവിഡ് ഇടിത്തീ പോലെ വന്നുവീഴുന്നത്. അമേരിക്കയില്‍ എനിക്കൊപ്പം ചേരേണ്ട പല സംഗീതജ്ഞരെയും മരണം കൊണ്ടുപോയി. ഇരുണ്ട ആ നാളിലാണ് വയനാട്ടില്‍ നിന്നു സുഹൃത്ത് അബ്ദുവിന്റെ ക്ഷണമെത്തുന്നത്. നേരേ പോയി. ചീരാലില്‍ കാടിനു നടുവില്‍ അവനൊരു വീട് തരപ്പെടുത്തിത്തന്നു. ഒന്നര വര്‍ഷം അവിടെ തനിച്ച് താമസിച്ചു, ആദിവാസികളെ സംഗീതം പഠിപ്പിച്ചു. അതിനിടെയായിരുന്നു ഹൃദയാഘാതം” – കറുത്ത കാലത്തെ പറ്റി പോളി പറഞ്ഞു.
ആശുപത്രിക്കിടക്കയില്‍നിന്ന് പോളി തിരികെയെത്തിയത് പുതിയൊരു ജീവിതത്തിലേക്കാണ്. മൂന്നുവര്‍ഷമായി സംഗീത പരിപാടികളുമായി ലോകയാത്രകളിലാണ്. കലയുടെ പല അടരുകളുണ്ട് പോളിക്ക്. മോഹനവീണ സംഗീതജ്ഞന്, പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ ദക്ഷിണേന്ത്യയിലെ ഏക ശിഷ്യന്, കവി, സംഗീത സംവിധായകന്, ചിത്രകാരന്. താമസം ഓസ്ട്രേലിയയിലാണ്. ബഹിരാകാശ ശാസ്ത്രജ്ഞയും ചിത്രകാരിയുമായ ഡോ. ദീപ ചന്ദ്രന് റാമാണ് ഭാര്യ.
കൊച്ചിയില്‍ ഫൈന്‍ ആര്‍ട്സ് ഹാളില്‍ വെള്ളിയാഴ്ച നടക്കുന്ന മോഹനവീണ കച്ചേരിക്കായി എത്തിയ പോളി ‘മാതൃഭൂമി’യോട് ജീവിതം പറഞ്ഞു.
ഗുരുവിലേക്കുള്ള യാത്ര
തൃശ്ശൂരിലെ വലപ്പാടാണ് നാട്. എട്ടു വയസ്സുമുതല്‍ റേഡിയോ കേട്ടാണ് കര്‍ണാടിക് സംഗീതത്തില്‍ കമ്പം വന്നത്. പത്താം ക്ലാസിനു ശേഷം കലാമണ്ഡലത്തില്‍ ചേര്‍ന്നു. മൃദംഗം അധ്യാപകന് ശിവദാസന്റെ വീട്ടില്‍ ടി.വി. സ്ക്രീനില്‍ കണ്ട ഗുരു വിശ്വമോഹന്‍ ഭട്ടിന്റെ സംഗീതവും രൂപവും ഏറെ ആകര്‍ഷിച്ചു. അദ്ദേഹത്തില്‍നിന്ന് സംഗീതം പഠിക്കണമെന്നായി മോഹം.
പക്ഷേ ആള് എവിടെയെന്നു പോലുമറിയില്ല. അറിയാവുന്ന ഇടം സാഹിത്യം വായിച്ചറിഞ്ഞ കൊല്‍ക്കത്തയാണ്. ഇരുപതാം വയസ്സില്‍ അങ്ങോട്ട്. കാശില്ലാതെ ഏറെ അലഞ്ഞു. കലാമണ്ഡലത്തിലുണ്ടായിരുന്ന ഒരധ്യാപകന് അഭയം തന്നു. ശാന്തിനികേതനില്‍ ഹിന്ദുസ്ഥാനി സംഗീതവും തബലയും പഠിക്കാന്‍ ചേര്‍ന്നു. ബംഗാളിലെ ബാവുള്‍ ഗായകര്‍ക്കൊപ്പം കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം കൊല്‍ക്കത്ത ബിര്‍ള അക്കാദമിയില്‍ വെച്ച് ഗുരുവിനെ നേരിട്ടുകണ്ടു. പിന്നീട് പത്തുവര്‍ഷം ജയ്പുരില്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ മോഹനവീണ അഭ്യസിച്ചു. ഗുരു നല്കിയ മോഹനവീണയാണ് ഇന്നും കൂടെയുള്ളത്.
പറന്നുപറന്ന്
മധ്യേഷ്യയിലും യൂറോപ്പിലുമായി ഒട്ടേറെ രാജ്യങ്ങളില്‍ കച്ചേരി നടത്തിയിട്ടുണ്ട്. ചെന്നൈയിലെ മാര്‍കഴി മ്യൂസിക് ഫെസ്റ്റിവല്‍, വിയന്ന മൊസാര്‍ട്ട് മ്യൂസിക് ഫെസ്റ്റിവല്‍… 55 രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചു. ബംഗാളിലും തമിഴിലും സിനിമകള്‍ക്ക് സംഗീതം നല്കി.
40 തന്ത്രികളുള്ള ‘പോളിസ്ട്രിങ് ഗിറ്റാര്‍’ എന്ന ബഹുതന്ത്രിവീണ തയ്യാറാക്കി. ശാന്തിനികേതനിലെ ജീവിതംകൊണ്ട് ചിത്രകലയും അദ്ദേഹത്തോടൊപ്പമുണ്ട്. പോളി ക്യൂറേറ്റ് ചെയ്യുന്ന ചിത്രപ്രദര്‍ശനം ‘സൗണ്ട് ആന്‍ഡ് സൈലന്‍സ്’ ശനിയാഴ്ച ഫോര്‍ട്ട്കൊച്ചി ഡേവിഡ് ഹാളില്‍ തുടങ്ങുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]