
ഇടുക്കി: പാലുൽപ്പാദനത്തിന് കേരളം അടുത്ത ഒരു വർഷത്തിനുള്ളിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇടുക്കിയിലെ അണക്കരയിൽ ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ആവശ്യമുള്ള പാലിന്റെ 90 ശതമാനവും ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. നിലവിലുള്ള പശുക്കളുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് സമ്പൂർണ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
തോട്ടം തൊഴിലാളികൾക്ക് പശുവളർത്തലിലൂടെ സ്ഥിരവരുമാനം ലക്ഷ്യമിട്ടുള്ള ക്ഷീര ലയം പദ്ധതിക്ക് ഇടുക്കിയിൽ തുടക്കമാകും. പദ്ധതിയിലൂടെ 10 പേർക്ക് 10 പശുക്കളെ ഉൾക്കൊള്ളുന്ന തൊഴുത്ത് വകുപ്പ് നിർമിച്ച് നൽകും. പശുവിനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും വേഗത്തിൽ അറിയാനായി റേഡിയോ ഫ്രീക്വൻസി ചിപ്പ് ചെവിയിൽ ഘടിപ്പിക്കുന്ന ഇ സമൃദ്ധ പദ്ധതിക്ക് പത്തനംതിട്ട ജില്ലയിൽ ഉടൻ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
പാലുൽപ്പാദനത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച കർഷകർ, സഹകാരികൾ, ക്ഷീര സംഘങ്ങൾ എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ മന്ത്രി സമ്മാനിച്ചു. ക്ഷീരവികസന മേഖലയിൽ കൂടുതൽ തുക വകയിരുത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും സമ്മാനങ്ങൾ നൽകി. പാലുൽപ്പന്നങ്ങളും വളർത്തു മൃഗങ്ങൾക്കുള്ള വിവിധയിനം തീറ്റകളും കറവയന്ത്രങ്ങളും മറ്റുമുൾപ്പെടുത്തിയ ഡയറി എക്സ്പോയും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള 30 ഓളം സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്.
Last Updated Feb 20, 2024, 9:58 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]