
റാഞ്ചി: ടീം ഇന്ത്യക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ജയത്തുടക്കം നേടിയ ശേഷം തുടര്‍ തോല്‍വികളുമായി ഇംഗ്ലണ്ട് പ്രതിരോധത്തിലായിരിക്കുകയാണ്. റാഞ്ചി വേദിയാവുന്ന നാലാം ടെസ്റ്റില്‍ ആരെയൊക്കെ കളിപ്പിക്കണം എന്ന് ഇതോടെ തലപുകഞ്ഞ് ആലോചിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും മുഖ്യ പരിശീലകന് ബ്രണ്ടന്‍ മക്കല്ലവും.
ഹൈദരാബാദ് വേദിയായ ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന്റെ വിജയവുമായാണ് ഇംഗ്ലണ്ട് 2024ലെ ഇന്ത്യന്‍ പര്യടനം തുടങ്ങിയത്. വിശാഖപട്ടത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന്റെ ജയവുമായി ടീം ഇന്ത്യ തിരിച്ചടിച്ചു. രാജ്കോട്ടിലെ മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ റെക്കോര്‍ഡ് തോല്‍വിയുമായി ബെന്‍ സ്റ്റോക്സും സംഘവും കൂടുതല്‍ പ്രതിരോധത്തിലായി. ഇതോടെ റാഞ്ചിയില്‍ ഫെബ്രുവരി 23ന് ആരംഭിക്കുന്ന നാലാം ടെസ്റ്റിനുള്ള ടീം സെലക്ഷന് ഇംഗ്ലണ്ടിന് പിടിപ്പത് പണിയായി. രാജ്കോട്ടില്‍ യശസ്വി ജയ്സ്വാളില്‍ നിന്ന് കണക്കിന് കിട്ടിയ വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്സണെ പ്രായം പരിഗണിച്ച് റാഞ്ചി ടെസ്റ്റില്‍ വിശ്രമം നല്‍കാനാണ് സാധ്യത. ഇങ്ങനെ വന്നാല്‍ ഓലീ റോബിന്സണാവും പകരം ഇറങ്ങുക. മറ്റൊരു പേസര്‍ മാര്‍ക് വുഡിന് പകരം ഗസ് അറ്റ്കിന്‍സണിനും അവസരം നല്‍കാനിടയുണ്ട്.
ഫോമിലല്ലാത്ത ജോണി ബെയ്ര്‍സ്റ്റോയാണ് ടീമില്‍ സ്ഥാനം വെല്ലുവിളി നേരിടുന്ന ഒരു പ്രധാന താരം. കഴിഞ്ഞ ആറ് ഇന്നിംഗ്സുകളില്‍ 37, 10, 25, 26, 0 & 4 എന്നിങ്ങനെയാണ് ബെയ്ര്‍സ്റ്റോയുടെ സ്കോറുകള്‍. ബെയ്ര്‍സ്റ്റോയ്ക്ക് പകരം ഡാന്‍ ലോറന്‍സിനെയാണ് കളിപ്പിക്കേണ്ടത്. എന്നാല്‍ ജോണിയുടെ ഇംപാക്ടില്‍ ഇപ്പോഴും തനിക്ക് വിശ്വാസമുണ്ട് എന്നാണ് കോച്ച് ബ്രണ്ടന്‍ മക്കല്ലം പറയുന്നത്. സ്പിന്നര്‍മാരാണ് ഇംഗ്ലണ്ട് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. ടോം ഹാര്‍ട്ലി ഏഴ് വിക്കറ്റ് പ്രകടനം നടത്തിയ ശേഷം നിറംമങ്ങി. റെഹാന് അഹമ്മദ് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാത്ത സാഹചര്യത്തില്‍ ഷൊയ്ബ് ബഷീറിനെ ഇലവനിലേക്ക് തിരിച്ചുവിളിക്കണോ എന്ന ചോദ്യവും സജീവമാണ്.
ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്സ് റാഞ്ചി ടെസ്റ്റില്‍ പന്തെറിയുമോ എന്ന ആകാംക്ഷയുമുണ്ട്. കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം സ്റ്റോക്സ് അതിവേഗം പരിക്കില്‍ നിന്ന മുക്തമാവുന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷയാണ്. സ്റ്റോക്സ് പന്തെറിയാത്തത് ഇംഗ്ലണ്ട് ടീമിന്റെ ബൗളിംഗ് സന്തുലിതാവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു.
Last Updated Feb 19, 2024, 9:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]