
7:50 AM IST:
സിലിഗുഡി സഫാരി പാർക്കിൽ അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കാനുള്ള വനം വകുപ്പ് തീരുമാനത്തിനെതിരെ വിശ്വഹിന്ദുപരിഷത്തിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൽക്കട്ട ഹൈക്കോടതിയിലെ ജൽപായ്ഗുഡിയിലെ സർക്യൂട്ട് ബെഞ്ചിലാണ് ഹർജി പരിഗണിക്കുക. സീത എന്ന സിംഹത്തിൻ്റെ പേര് മാറ്റണമെന്ന അപേക്ഷയും കോടതി പരിഗണിക്കും. നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നതെന്നാണ് വിഎച്ച്പിയുടെ ഹർജിയിലെ വാദം.
7:49 AM IST:
വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ല നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിസംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ എംബി രാജേഷ്, കെരാജൻ, എകെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. രാവിലെ 10ന് സുൽത്താൻ ബത്തേരിയിൽ സർവകക്ഷിയോഗം ഉണ്ട്. ജില്ലയിലെ വനം റവന്യൂ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രി സംഘം കൂടിക്കാഴ്ച നടത്തും.
7:49 AM IST:
വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്ന വീണ്ടും ജനവാസ മേഖലയില്‍. പെരിക്കല്ലൂരിൽ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ജനവാസ മേഖലയിൽ ആനയുള്ളത് ഭീതി പരത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തിൽ എത്തുകയായിരുന്നു. അതേസമയം, സർവ്വ സന്നാഹങ്ങളുമായി വനംവകുപ്പ് തയ്യാറായിരിക്കുകയാണ്. വെളിച്ചം വീണ് ആനയെ കൃത്യമായി കണ്ടാൽ മാത്രമേ വനംവകുപ്പ് തുടർ നടപടികൾ സ്വീകരിക്കൂവെന്നാണ് വിവരം. ജനവാസ മേഖലയായതിനാൽ ദൗത്യം വളരെ ദുഷ്കരമായിരിക്കും.
7:49 AM IST:
തലസ്ഥാനത്തെ രണ്ട് വയസുകാരിയുടെ തിരോധാനത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. അതേസമയം, കുട്ടി നടന്നെത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ആരെങ്കിലും ഉപേക്ഷിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റു സാധ്യതകൾ പൊലീസ് പരിശോധിക്കുന്നത്. കുട്ടിയിൽ നിന്നും ചോദിച്ചറിയുന്ന കാര്യങ്ങളും കേസിൽ നിർണായകമാകും.